കാക്കനാട് കസ്റ്റംസ് കോട്ടേഴ്‌സിലെ കൂട്ട ആത്മഹത്യ സിബിഐ അന്വേഷണം ഭയനെന്ന് സൂചന. മനീഷിന്റെ സഹോദരി ശാലിനിയ്ക്ക് പരീക്ഷ ക്രമക്കേടില്‍ സിബിഐ സമന്‍സ് അയച്ചിരുന്നു. അറസ്റ്റ് ഭയന്നാകാം കുടുംബം കൂട്ടആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഈ മാസം 15ന് ഹാജരാകണമെന്നാണ് സിബിഐ ശാലിനിക്ക് അയച്ച സമന്‍സില്‍ പറഞ്ഞിരുന്നത്. ഝാര്‍ഖണ്ഡ് പരീക്ഷ ക്രമക്കേട് കേസില്‍ ശാലിനിയ്ക്ക് സമന്‍സ് ലഭിച്ചതായി മനീഷ് സഹപ്രവര്‍ത്തകരോട് സൂചിപ്പിച്ചിരുന്നു. ശാലിനിയുടെ ജോലി നഷ്ടപ്പെടുമോ എന്നുള്‍പ്പെടെ കുടുംബത്തിന് ആശങ്കയുണ്ടായിരുന്നു. ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്ന പതിനഞ്ചാം തീയതി ആത്മഹത്യ ചെയ്തു എന്നാണ് പോലീസ് നിഗമനം.
മരിച്ച കസ്റ്റംസ് ഉദ്യോഗസ്ഥന്‍ മനീഷ് വിജയ്, സഹോദരി ശാലിനി, മാതാവ് ശകുന്തള അഗര്‍വാള്‍ എന്നിവരുടെ പോസ്റ്റ് മോര്‍ട്ടം ഇന്ന് കളമശേരി മെഡിക്കല്‍ കോളേജില്‍ നടക്കും. തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മനീഷും സഹോദരി ശാലിനിയും ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് ഉറപ്പിച്ചു. എന്നാല്‍ സമീപത്തെ കട്ടിലില്‍ മരിച്ചു കിടന്ന അമ്മയുടെ മരണകാരണം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷമേ വ്യക്തമാകു. കഴിഞ്ഞ ദിവസം വൈകുന്നേരം ആറുമണിയോടെയാണ് കൂട്ട ആത്മഹത്യയുടെ വിവരം പുറം ലോകമറിയുന്നത്