തിരുവനന്തപുരം: മാതാപിതാക്കള്‍ ആശുപത്രി ഐ.സി.യുവില്‍ ഉപേക്ഷിച്ച് പോയ 23 ദിവസം പ്രായമുള്ള കുഞ്ഞിനെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. ഇതു സംബന്ധിച്ച് വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
കുഞ്ഞിന് ചികിത്സ ഉറപ്പാക്കാന്‍ എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു. മാതാപിതാക്കള്‍ തിരിച്ചുവരികയാണെങ്കില്‍ അവര്‍ക്ക് കൈമാറുമെന്നും മന്ത്രി അറിയിച്ചു. അല്ലായെങ്കില്‍ നിയമപരമായ നടപടികളിലൂടെ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു.
കോട്ടയത്തെ ഫിഷ് ഫാമില്‍ ജോലി ചെയ്തിരുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ മംഗളേശ്വര്‍-രഞ്ജിത ദമ്പതികളുടേതാണ് കുഞ്ഞ്. പ്രസവത്തിനായി ഇവര്‍ നാട്ടിലേക്ക് പോകുന്ന സമയത്താണ് രഞ്ജിതക്ക് അസ്വസ്ഥതകളുണ്ടാകുന്നത്. എറണാകളും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രഞ്ജിത ജനുവരി 29ന് പെണ്‍കുഞ്ഞിന് ജന്മം നല്‍കി.
28 ആഴ്ച മാത്രമായിരുന്നു കുഞ്ഞിന് വളര്‍ച്ചയുണ്ടായിരുന്നത്. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി കുഞ്ഞിനെ ലൂര്‍ദ് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്റെ പിതാവ് രണ്ടിടത്തും മാറി മാറി നിന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് അമ്മയെ 31ന് ഡിസ്ചാര്‍ജ് ചെയ്തു. അന്നുവരെ ആശുപത്രിയില്‍ മകളെ കാണാന്‍ എത്താറുള്ള കുഞ്ഞിന്റെ പിതാവിനെ പിന്നീട് കണ്ടില്ല. രഞ്ജിതയും അപ്രത്യക്ഷമായി. ആശുപത്രി അധികൃതര്‍ ബന്ധപ്പെട്ടപ്പോള്‍ നാട്ടിലെത്തിയെന്ന എസ്.എം.എസ് സന്ദേശം മാത്രമാണ് ലഭിച്ചത്. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫായി.