തൃശൂര്‍: വംശീയ അധിക്ഷേപങ്ങളെ ന്യായീകരിച്ച് നര്‍ത്തകിയും അധ്യാപികയുമായ കലാമണ്ഡലം സത്യഭാമ. പറഞ്ഞതില്‍ ഒരു കുറ്റബോധവുമില്ല. ഇനിയും പറയും. ആരുടേയും പേരു പറഞ്ഞിട്ടില്ല. മോഹിനിയാട്ടം അവതരിപ്പിക്കുന്നത് മോഹിനിയാകണം, മോഹനന്‍ ആകരുത്. കറുത്ത നിറമുള്ള കുട്ടികള്‍ക്ക് സൗന്ദര്യ മത്സരത്തില്‍ ഫസ്റ്റ് കിട്ടിയിട്ടുണ്ടോയെന്നും സത്യഭാമ ചോദിച്ചു.

മോഹിനിയാട്ടം അവതരിപ്പിക്കുന്ന മാഡം സുന്ദരിയാണെന്ന് കരുതുന്നുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കലാമണ്ഡലം സത്യഭാമയുടെ പ്രതികരണം ഇപ്രകാരമായിരുന്നു. ‘ഞാന്‍ ഇപ്പോള്‍ 66 വയസ്സായിട്ടും ഇങ്ങനെ ഇരിക്കുന്നില്ലേ. അതെനിക്ക് മതി. അതില്‍ റിപ്പോര്‍ട്ടറുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട. ഒരു മാധ്യമങ്ങള്‍ക്കും പൊള്ളേണ്ട കാര്യമില്ല’. കോടതിക്കും പൊലീസിനും തെളിവാണ് വേണ്ടത്. താന്‍ ഒരു വ്യക്തിയുടേയും പേരു പറഞ്ഞിട്ടില്ല. പേരു പറഞ്ഞാലാണ് കുഴപ്പമുള്ളത്. നിങ്ങള്‍ എല്ലാവരും കൂടി ആ വ്യക്തിയുടെ കൂടെ കൂടിക്കോളൂ. ഒരു വിരോധവുമില്ല. ‘എന്റെ പേരിനൊപ്പമുള്ള കലാമണ്ഡലം എന്നത് എടുത്തു കളയാനൊന്നും ആര്‍ക്കും പറ്റില്ല. അത് കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്തതാണ്. വ്യക്തിപരമായി ഒരാളെയും അധിക്ഷേപിച്ചിട്ടില്ല. എന്റെ കലയുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഇനിയും അഭിപ്രായം പറയും’.

‘ഞാന്‍ സൗന്ദര്യത്തെക്കുറിച്ചാണ് പറഞ്ഞത്. നിങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ചെയ്യുന്ന പോലത്തെ തൊഴിലല്ല ഇത്. ഇതിന് അത്യാവശ്യം സൗന്ദര്യം അടക്കമുള്ള കാര്യങ്ങളുണ്ട്. യുവജനോത്സവത്തില്‍ സൗന്ദര്യം എന്ന കോളം എടുത്തു കളയാന്‍ നിങ്ങളെക്കൊണ്ട് പറ്റുമോ. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ഒരു കുട്ടിക്ക് മോഹിനിയാട്ടത്തിന് സമ്മാനം കൊടുത്തപ്പോള്‍, ആ കുട്ടിക്ക് എന്തു സൗന്ദര്യമാണുള്ളതെന്ന് എന്നോട് ചോദിച്ചിട്ടുണ്ട്.’

മാഡത്തിന്റെ മക്കള്‍ കറുത്തതാണെങ്കില്‍ അവര്‍ക്ക് സൗന്ദര്യം ഇല്ല എന്നാണോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ‘കറുത്തതല്ല എന്നുള്ളത് ഞാനും എന്റെ ഭര്‍ത്താവും കൂടി തീരുമാനിച്ചോളാം. നിങ്ങള്‍ തീരുമാനിക്കേണ്ടെന്ന്’ സത്യഭാമ മറുപടി പറഞ്ഞു. കറുത്ത കുട്ടി വന്നാല്‍ പഠിപ്പിക്കും. പക്ഷെ മത്സരത്തിന് പോകണ്ടാന്ന് പറയും. തൊഴിലു പഠിച്ചാല്‍ അമ്പലങ്ങളിലും മറ്റും കളിക്കുന്നതിന് കുഴപ്പമില്ല. പക്ഷെ മത്സരത്തിന് പോകുമ്പോള്‍ സൗന്ദര്യം എന്ന കോളമുണ്ട്. സൗന്ദര്യമില്ലെങ്കില്‍ അവര്‍ മാര്‍ക്ക് ഇടില്ലെന്ന് സത്യഭാമ പറഞ്ഞു.

ഇതില്‍ കലാകാരന്മാര്‍ വിചാരിച്ചാല്‍ ഒന്നും നടക്കില്ല. അത് സര്‍ക്കാര്‍ തന്നെ തീരുമാനിക്കണം. മത്സരത്തിന് സൗന്ദര്യം എന്ന കോളം എടുത്തുകളയണം. ‘നിങ്ങളൊന്നും അംഗീകരിച്ചില്ലെങ്കിലും എനിക്ക് ഒരു പ്രശ്നവുമില്ല. ആരെയും തേജോവധം ചെയ്തിട്ടില്ല. എന്റെ അഭിപ്രായം ഇനിയും പറയും. ഒരു മര്യാദയും മാനദണ്ഡവുമില്ല, എന്റെ സ്വന്തം അഭിപ്രായം അനുസരിച്ചാണ് പറഞ്ഞത്. ഞാന്‍ ഒരു വ്യക്തിയെയും ജാതിയേയും പറഞ്ഞിട്ടില്ല. ഒരു പൊതു വികാരം ഉയര്‍ന്നിട്ടും കാര്യമില്ല. ധാര്‍ഷ്ട്യവും ഒന്നുമല്ല. എന്റെ സ്വന്തം അഭിപ്രായമാണ് പറഞ്ഞത്. നിങ്ങള്‍ ആരുടെയും സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും’ സത്യഭാമ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *