ഗുജറാത്ത് എം.എല്‍.എ ജിഗ്‌നേഷ് മേവാനിയുടെ അറസ്റ്റ് ജനാധിപത്യവിരുദ്ധമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിയോജിപ്പുകളെ ഇല്ലാതാക്കാന്‍ ശ്രമിച്ചുകൊണ്ട് സത്യത്തെ തടവിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കഴിയില്ലെന്ന് രാഹുൽ തന്റെ ട്വിറ്ററിലൂടെ പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തതിനാണ് ജിഗ്നേഷ് മേവാനിയെ അറസ്റ്റ് ചെയ്തത്. അസമിലെ കൊക്രജാറില്‍ നിന്നുള്ള ബി.ജെ.പി നേതാവ് അരൂപ് കുമാര്‍ ഡേയാണ് ജിഗ്‌നേഷിനെതിരെ പരാതി നല്‍കിയത്.

ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനിയെ കസ്റ്റഡിയിലെടുത്ത അസം പോലീസിന്റെ നടപടി ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. അദ്ദേഹത്തെ പ്രതിനിധിയായി തിരഞ്ഞെടുത്ത ആളുകളെ അപമാനിക്കുന്നതിന് തുല്യമാണ് അത്. ഇതിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തുമെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാലും സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ബിജെപി സര്‍ക്കാരിന്റെ സ്വേച്ഛാധിപത്യത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ജിഗ്നേഷ് മേവാനിയുടെ അറസ്റ്റ്, ജനപ്രതിനിധിയായ ജിഗ്നേഷിന്റെ അറസ്റ്റ് ജനാധിപത്യത്തിന്റെ അടിത്തറയെ തന്നെ തകര്‍ക്കുന്നുവെന്ന് കെ.വി വേണുഗോപാല്‍ ട്വിറ്ററില്‍ കുറിച്ചു.കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് അസം പോലീസ് സംഘം ജിഗ്നേഷ് മേവാനിയെ വസതിയിലെത്തി അറസ്റ്റ് ചെയ്തത്. അടുത്തിടെ പോസ്റ്റ് ചെയ്ത ട്വീറ്റിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിനെതിരേ എഫ്.ഐ.ആര്‍ ചുമത്തിയതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. കേസിനാസ്പദമായ ട്വീറ്റ് ഇപ്പോള്‍ പിന്‍വലിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *