ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാതെയും കണ്‍ട്രോള്‍ റൂമുകൾ പൂര്‍ണ സജ്ജമാക്കാതെയുമാണ് സംസ്ഥാനത്ത് പൊതുനിരത്തുകളിൽ എഐ ക്യാമറകള്‍ സ്ഥാപിച്ചതെന്ന് റിപ്പോർട്ട്. ഒരുക്കങ്ങള്‍ പൂര്‍ത്തിയാകാത്തതിനാലാണ് ബോധവല്‍ക്കരണത്തിനെന്ന പേരില്‍ ‘പിഴ ചുമത്തല്‍’ നീട്ടിവച്ചതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

എഐ ക്യാമറകളുടെ സംസ്ഥാന കണ്‍ട്രോള്‍ റൂം തലസ്ഥാനത്തെ ട്രാൻസ്‌പോർട്ട് ഭവാനിലാണ് സജ്ജമാക്കിയിട്ടുള്ളത്. 726 ക്യാമറകളിലും പതിയുന്ന ദൃശ്യങ്ങള്‍ ആദ്യം എത്തുന്നത് ഇവിടെയാണ്. തുടര്‍ന്ന് അതാത് ജില്ലകളിലെ കണ്‍ട്രോള്‍ റൂമിലേക്ക് കൈമാറും. അവിടുത്തെ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച ശേഷമാണ് പിഴ നോട്ടിസ് അയയ്ക്കുക.
കംപ്യൂട്ടറിന്റെ ഒറ്റ ക്ലിക്കിന്റെ അകലെയാണെങ്കിലും ഇതിനായി ഉദ്യോഗസ്ഥരും മറ്റ് അനുബന്ധ സജ്ജീകരണങ്ങളും വേണം, എന്നാൽ മിക്ക ജില്ലകളിലും കണ്ട്രോൾ റൂമും കംപ്യൂട്ടറും മാത്രമേ റെഡി ആയിട്ടുള്ളൂ. ജീവനക്കാരെ നിയോഗിച്ചിട്ടില്ല. മലപ്പുറത്തും കണ്ണൂരും ഒരുതവണ മാത്രമാണ് ഉദ്യോഗസ്ഥരുടെ ട്രയല്‍ നടന്നതെന്നാണ് വിവരം.
ചുരുക്കത്തില്‍ എല്ലാം സജ്ജമാകുന്നതിനു മുന്‍പ് തന്നെ ഉദ്ഘാടനം നടത്തുകയായിരുന്നുവെന്ന് വ്യക്തം. ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയുടെ തീയതി കിട്ടിയതും കാര്യങ്ങള്‍ തട്ടിക്കൂട്ടുന്നതിന് വഴിവച്ചെന്നാണ് വിവരം. ഏതായാലും ബോധവത്ക്കരണത്തിന്റെ പേരില്‍ നീട്ടിവച്ച സമയത്തിനുള്ളില്‍ എല്ലാം ഉറപ്പാക്കാനാണ് ഗതാഗത വകുപ്പ് ശ്രമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *