കേരളത്തിന്റെ നേട്ടങ്ങള്‍ നുണകള്‍ കൊണ്ട് മൂടാന്‍ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ മോദിക്കും രാഹുലിനും ഒരേ സ്വരമാണ്. കാസര്‍കോഡ് കാഞ്ഞങ്ങാട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം 2019ല്‍ നിന്ന് വ്യത്യസ്തമായിരിക്കും. എല്‍ഡിഎഫ് ഉയര്‍ത്തുന്ന രാഷ്ട്രീയത്തിന് ജനങ്ങള്‍ക്കിടയില്‍ വലിയ അംഗീകാരമാണ് ലഭിക്കുന്നത്. അതാണ് കോണ്‍ഗ്രസും ബിജെപിയും ഒരേ രീതിയില്‍ പരിഭ്രമമുയര്‍ത്തുന്നതിന് കാരണം. കേരളത്തിന്റെ നേട്ടങ്ങള്‍ നുണകള്‍ കൊണ്ട് മൂടാനുള്ള ശ്രമമാണ് നടക്കുന്നത്. കേരളത്തെക്കുറിച്ച് നരേന്ദ്ര മോദിക്കും രാഹുല്‍ ഗാന്ധിക്കും ഒരേ സ്വരമാണ്.

സാമൂഹ്യ അടിസ്ഥാന സൗകര്യങ്ങളില്‍ കേരളം രാജ്യത്തിന് മാതൃകയാണ്. നീതി ആയോഗിന്റെ ചുമതലയില്‍ ഇരുന്നാണ് മോദി കള്ളം പറയുന്നത്. ബീഹാറിനെ പോലെയാണ് കേരളമെന്ന് പറയുന്ന പ്രധാനമന്ത്രി ഒറ്റയടിക്ക് രണ്ട് സംസ്ഥാനങ്ങളെ അപമാനിക്കുകയാണ്. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. ഏത് ആധികാരിക റിപ്പോര്‍ട്ട് വെച്ചാണ് പ്രധാനമന്ത്രി കേരളത്തെ ആക്ഷേപിക്കുന്നത് മുഖ്യമന്ത്രി ചോദിച്ചു.

നീതി ആയോഗിന്റെ സി ഇ ഒ വിവി ആര്‍ സുബ്രഹ്‌മണ്യത്തിന്റെ വെളിപ്പെടുത്തല്‍ നരേന്ദ്ര മോദിയുടെ അവകാശ വാദം തെറ്റെന്ന് തെളിയിക്കുന്നു. മോദി സംസ്ഥാനങ്ങളുടെ വിഹിതം വെട്ടിക്കുറക്കാന്‍ ആവശ്യപ്പെട്ടുവെന്നായിരുന്നു വെളിപ്പെടുത്തല്‍. 42 ശതമാനം വിഹിതം 33 ശതമാനമാക്കാന്‍ മോദി ശ്രമിച്ചു. സ്വന്തന്ത്ര ചുമതലയുള്ള ഭരണഘടനാ സ്ഥാപനത്തിന്റെ അധികാരത്തില്‍ ഇടപെട്ടു. സംസ്ഥാനങ്ങളുടെ നികുതി വിഹിതം ഔദാര്യമല്ല, അവകാശമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *