തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനിയും മറ്റ് പകർച്ചവ്യാധികളും വൻതോതിൽ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ആശങ്കയൊഴിയാതെ ആരോഗ്യവകുപ്പ്. ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം 13,187 പേർക്കാണ് പകർച്ചപ്പനി സ്ഥിരീകരിച്ചത്. രോഗവ്യാപനം തടയുന്നതിനും കൊതുുകുകളുടെ ഉറവിട നശീകരണത്തിനുമായി ഇന്ന് സംസ്ഥാനവ്യാപകമായി ‘ഡ്രൈ ഡേ’ ആചരിക്കുകയാണ്.

അതേസമയം, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നിപ രോഗബാധിതന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. നിലവിൽ രോഗി അബോധാവസ്ഥയിലാണ്. എന്നാൽ, ഇയാളുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുകയും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും ചെയ്ത ആരോഗ്യപ്രവർത്തകയുടെ പരിശോധനാ ഫലം ‘നെഗറ്റീവ്’ ആയത് വലിയ ആശ്വാസമായിട്ടുണ്ട്. സംസ്ഥാനത്ത് പനിക്ക് പുറമെ ഷിഗെല്ല രോഗബാധയും വർദ്ധിച്ചുവരികയാണ്. പുതുതായി 13 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഈ വർഷത്തെ മൊത്തം ഷിഗെല്ല ബാധിതരുടെ എണ്ണം 209 ആയി ഉയർന്നു.

അതിനിടെ, സൗത്ത് സുഡാനിൽ നിന്നും കേരളത്തിൽ എത്തിയ സ്വദേശി വനിതയ്ക്ക് എബോള ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് വ്യക്തമായി. പകർച്ചവ്യാധി പ്രതിരോധത്തിനായി അടിയന്തര രൂപരേഖ തയ്യാറാക്കാൻ ഹൈപവർ കമ്മിറ്റി യോഗം ചേർന്നു. ജൂൺ മാസത്തിൽ മാത്രം സംസ്ഥാനത്ത് 120 ഗുരുതര രോഗബാധകളും 5 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഈ മാസം ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *