പത്തനംതിട്ട: ഓമല്ലൂരിലെ എലോഹിം വർഷിപ്പ് സെന്ററിൽ സംഘർഷാവസ്ഥ. ഇവിടെ താമസിക്കുന്ന കുട്ടികളെ സ്ഥാപനത്തിലെ മാനേജരും ജീവനക്കാരും ക്രൂരമായി മർദ്ദിച്ചെന്ന പരാതിയെത്തുടർന്നാണ് പ്രതിഷേധം. സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ പ്രാർത്ഥനാ കേന്ദ്രത്തിനുള്ളിലേക്ക് ഇരച്ചുകയറി. കുട്ടികളെ ക്രൂരമായി പീഡിപ്പിച്ചവർക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബിജെപിയുടെ പ്രതിഷേധ മാർച്ചും പ്രാർത്ഥനാ കേന്ദ്രം ഉപരോധിക്കലും.
ഞായറാഴ്ച രാവിലെ നടന്ന പ്രതിഷേധം നിയന്ത്രിക്കാൻ പോലീസിന് ഏറെ പാടുപെടേണ്ടി വന്നു. ബിജെപി പ്രവർത്തകർ ആരാധനാ കേന്ദ്രത്തിനകത്തേക്ക് പ്രവേശിച്ചതോടെ പോലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
17 വയസ്സുള്ള കുട്ടികളെ മാനേജരും ജീവനക്കാരും ചേർന്ന് അതിക്രൂരമായി മർദ്ദിച്ചെന്നാണ് പരാതി. തങ്ങൾ മർദ്ദനത്തിന് ഇരയായതായി കുട്ടികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. അതേസമയം, തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ വ്യക്തിവിരോധത്തിന്റെ ഭാഗമാണെന്നാണ് പാസ്റ്റർ ബിനു പ്രതികരിച്ചത്. വ്യക്തിവിരോധമാണ് ഈ പരാതികൾക്ക് പിന്നിലെന്നും ബിനു ആരോപിക്കുന്നു.
ഞായറാഴ്ചയായതിനാൽ പ്രാർത്ഥനയ്ക്കായി എത്തിയ വിശ്വാസികളും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായേക്കാമെന്ന സാഹചര്യം കണക്കിലെടുത്ത് പോലീസ് കനത്ത ജാഗ്രതയിലായിരുന്നു. വിശ്വാസികൾ പ്രാർത്ഥനാ പുസ്തകങ്ങളുമായി കൂട്ടത്തോടെ എത്തിയപ്പോൾ പ്രതിഷേധക്കാർ അവരെ തടയാൻ ശ്രമിച്ചു. തുടർന്ന് പോലീസിന്റെ സംരക്ഷണത്തിലാണ് വിശ്വാസികൾ പ്രാർത്ഥനാ കേന്ദ്രത്തിനുള്ളിലേക്ക് പ്രവേശിച്ചത്. ഭരണഘടന നൽകുന്ന ആരാധനാ സ്വാതന്ത്ര്യം തങ്ങൾക്ക് ലഭിച്ചേ പറ്റൂ എന്നും ഏതെങ്കിലും വ്യക്തികൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് നിയമപരമായി നേരിടണമെന്നും വിശ്വാസികൾ പറഞ്ഞു.
