കേരളത്തിന്റെ ജനപ്രിയ നേതാവ് വി എസ് അച്യുതാനന്ദന്റെ ഓർമദിനത്തിൽ അദ്ദേഹത്തിന്റെ ഐതിഹാസിക രാഷ്ട്രീയ ജീവിതത്തെ അനുസ്മരിച്ച് കെ കെ ശൈലജ. വളരെ ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട് തയ്യൽ കടയിലും കയർ മേഖലയിലും ജോലി ചെയ്ത് വളർന്ന വി.എസിന്റെ ജീവിത അനുഭവങ്ങളാണ് അദ്ദേഹത്തെ തൊഴിലാളികളുടെ പ്രിയപ്പെട്ട സഖാവാക്കി മാറ്റിയതെന്ന് അവർ പറഞ്ഞു. 1940-ൽ പാർട്ടി അംഗമായ അദ്ദേഹം 1964-ൽ സിപിഐഎം രൂപീകരിച്ച സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു. ആലപ്പുഴയിലും സംസ്ഥാനത്തുടനീളവും വിപുലമായ പരിപാടികളോടെ ജനങ്ങൾ വി.എസിന്റെ ഓർമ്മകൾ പുതുക്കുകയാണ്.
ജന്മിത്വത്തിനും സർ സി പി യുടെ ഭരണത്തിനുമെതിരെ പോരാടിയ വി എസ്, പുന്നപ്ര- വയലാർ സമര കാലത്ത് ക്രൂരമായ പോലീസ് മർദ്ദനങ്ങൾക്കും പീഡനങ്ങൾക്കും ഇരയായെങ്കിലും വിപ്ലവവീര്യം കൈവിട്ടില്ല. പിന്നീട് കേരള മുഖ്യമന്ത്രിയായപ്പോൾ ഭൂമാഫിയയ്ക്കും കുടിവെള്ള മാഫിയയ്ക്കും എതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് അദ്ദേഹം സ്വീകരിച്ചത്. സ്ത്രീകളുടെ സുരക്ഷയ്ക്കും അവകാശങ്ങൾക്കുമായി എപ്പോഴും മുൻനിരയിൽ നിലകൊണ്ട അദ്ദേഹം, ഭരണപരിഷ്കാര കമ്മിറ്റി അധ്യക്ഷൻ എന്ന നിലയിലും മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു.
സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയിൽ വലിയ വിപ്ലവം സൃഷ്ടിച്ച കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ രൂപീകരിക്കുന്നതിന് നേതൃത്വം നൽകിയത് വി.എസ് ആയിരുന്നുവെന്ന് കെ കെ ശൈലജ ഓർമ്മിപ്പിച്ചു. ഉയർന്ന അക്കാദമിക് ബിരുദങ്ങളില്ലെങ്കിലും ഏത് വലിയ ഉത്തരവാദിത്തവും ഏകോപിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. സഖാവ് വി.എസ് ഉയർത്തിപ്പിടിച്ച വിപ്ലവ മൂല്യങ്ങളും പ്രവർത്തനങ്ങളും കൂടുതൽ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകുമെന്നും അവർ വ്യക്തമാക്കി.
