കൊച്ചി: മലയാള സിനിമയുടെ അമ്മ മുഖമായ കവിയൂര്‍ പൊന്നമ്മക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തുന്നത് ആയിരക്കണക്കിനു പേര്‍. കളമശ്ശേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ പ്രമുഖര്‍ ഉള്‍പ്പെടെ ആയിരങ്ങളാണ് എത്തുന്നത്. ഉച്ചയ്ക്ക് അതിനുശേഷം ആലുവയിലെ വീട്ടിലേക്ക് കൊണ്ടുപോകും. നാലുമണി വരെ അവിടെ പൊതുദര്‍ശനമുണ്ടാകും. അതിനു ശേഷമാകും സംസ്ഥാന ബഹുമതികളോടെ മൃതദേഹം സംസ്‌കരിക്കുക. മലയാള സിനിമയിലെ പ്രമുഖ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള താരങ്ങള്‍ കളമശ്ശേരിയിലെത്തി. കാന്‍സര്‍ രോഗ ബാധിതയായിരുന്ന കവിയൂര്‍ പൊന്നമ്മയുടെ അന്ത്യം വെള്ളിയാഴ്ച വൈകിട്ട് 5.30ന് ലിസി ആശുപത്രിയിലായിരുന്നു. വിയോഗം അറിഞ്ഞു മലയാള സിനിമ മേഖലയിലെ ഏറെപ്പേര്‍ കൊച്ചിയിലെ ആശുപത്രിയിലേക്ക് ഇന്നലെ വൈകിട്ടുതന്നെ എത്തി. കേന്ദ്രമന്ത്രി സുരേഷ് ഗോപി, നടന്‍ ദിലീപ്, നടിമാരായ മഞ്ജു പിള്ള, ജോമോള്‍, സരയൂ, സംവിധായകരായ സിബി മലയില്‍, ബി. ഉണ്ണികൃഷ്ണന്‍, നടന്‍ ചേര്‍ത്തല ജയന്‍ ഉള്‍പ്പെടെയുള്ളവര്‍ ആദരാഞ്ജലിയര്‍പ്പിച്ചു.
കരുമാലൂരില്‍ പെരിയാറിന്റെ തീരത്തെ ‘ശ്രീപീഠം’ വീട്ടുവളപ്പിലാണ് സംസ്‌കാരം. മൂന്നര പതിറ്റാണ്ടു കാലത്തെ ചെന്നൈ ജീവിതത്തിനു ശേഷം ശാന്തമായി ജീവിക്കാനാണു കവിയൂര്‍ പൊന്നമ്മ കരുമാലൂരില്‍ പെരിയാറിന്റെ തീരത്തു വീടു നിര്‍മിച്ചത്. പ്രളയസമയത്തു കുറച്ചു ദിവസം മാറി നിന്നതൊഴിച്ചാല്‍ വിശ്രമജീവിതം പൂര്‍ണമായി കരുമാലൂര്‍ പുറപ്പിള്ളിക്കാവിലെ വീട്ടിലായിരുന്നു.