കോഴിക്കോട് കാട്ടിൽ പീടികയിൽ മുഖത്ത് മുളക് പൊടി വിതറി കാറിൽ ബന്ദിയാക്കി പണം തട്ടിയെന്ന പരാതിയിൽ വമ്പൻ ട്വിസ്റ്റ്. പരാതിക്കാരൻ തന്നെയാണ് പ്രതിയെന്ന് പോലീസ് കണ്ടെത്തി. പരാതിക്കാരനായ സുഹൈലും കൂട്ടാളികളും ചേര്‍ന്ന് നടത്തിയ ആസൂത്രിത തട്ടിപ്പാണിതെന്നാണ് പോലീസ് നല്‍കുന്ന വിവരം. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സുഹൈലിന്റെ കൂട്ടാളി താഹയില്‍ നിന്നും 37 ലക്ഷം രൂപ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സുഹൈലിന്റെ മൊഴികളിലെ പൊരുത്തക്കേടാണ് കേസില്‍ വഴിത്തിരിവായത്.

75 ലക്ഷം രൂപ നഷ്ടമായി എന്ന് എ.ടി.എം. കമ്പനി സ്ഥിരീകരിച്ചതോടെ പോലീസ് വിശദമായി അന്വേഷണം നടത്തുകയും സുഹൈലും താഹയും മറ്റൊരാളും ചേര്‍ന്ന് തട്ടിപ്പ് നടത്തുകയായിരുന്നുവെന്ന് കണ്ടെത്തുകയുമായിരുന്നു. ഇതേതുടര്‍ന്ന് സുഹൈലിന്റെ അറസ്റ്റ് കൊയിലാണ്ടി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കാറില്‍ മുളക് പൊടി വിതറാനും കൈ കെട്ടാനും സഹായിച്ച ഒരാളെ കൂടി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ബാക്കി തുകയ്ക്കുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

എ.ടി.എമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുപോയ 72.40 ലക്ഷം രൂപ അജ്ഞാതരായ രണ്ടുപേര്‍ തന്നെ ബന്ദിയാക്കിയശേഷം കൈക്കലാക്കിയെന്നാണ് തിക്കോടി ആവിക്കല്‍ റോഡ് സുഹാന മന്‍സില്‍ സുഹൈല്‍ (25) കൊയിലാണ്ടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ആദ്യം 25 ലക്ഷമെന്നാണ് പറഞ്ഞിരുന്നത്. കേസന്വേഷണത്തിനായി റൂറല്‍ എസ്.പി. പി. നിധിന്‍ രാജിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്വാഡ് രൂപവത്കരിച്ചു. ശനിയാഴ്ച രാത്രിതന്നെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സുഹൈലിനെ മണിക്കൂറുകളോളം ചോദ്യംചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *