മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ റിലീസ് ഡിസംബർ 23-ന്.ഏറെക്കാലമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്ന ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഒക്ടോബര്‍ 25 ന് ആണ് ഈ പ്രോജക്റ്റ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നത്. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്‍റെ ബാനറില്‍ ഷിബു ബേബിജോണ്‍ ആണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം. ചിത്രം സംബന്ധിച്ച മറ്റു വിവരങ്ങളൊന്നും ഔദ്യോഗികമായി പുറത്തുവന്നിരുന്നില്ല. എന്നാൽ മോഹന്‍ലാല്‍ ഇന്ന് സമൂഹമാധ്യമങ്ങളില്‍ ഏതാനും ചിത്രങ്ങള്‍ പങ്കുവെട്ടുണ്ട്. മണ്ണിന്റെ പ്രതലം പോലെ തോന്നിക്കുന്ന ചിത്രങ്ങള്‍ എന്താണെന്ന് ചോദിച്ച് ഒട്ടേറെ പേരാണ് രംഗത്തുവന്നിരിക്കുന്നത്.അടിക്കുറിപ്പ് പോലും ഇല്ലാതെയാണ് നടൻ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ് പുറത്തിറക്കിയ കുറിപ്പ്

ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോൾ ഉണ്ടായതല്ല റോമാ സാമ്രാജ്യം. മനുഷ്യന്റെ കഠിനാധ്വാനത്തിന്റെ, പോരാട്ടങ്ങളുടെ ശ്രമഫലമാണ് ഓരോ വിജയവും. രണ്ടു മാസങ്ങൾക്കു മുൻപ് മലയാളക്കര ആഘോഷിച്ച മോഹൻലാൽ- ലിജോ ജോസ് കൂട്ടുക്കെട്ടിലുള്ള ചിത്രത്തിന്റെ വിശേഷങ്ങൾ അറിയാൻ പലരും അക്ഷമരായി കാത്തിരിക്കുകയാണ് എന്നറിയാം.. ഒരു രാത്രി കൊണ്ടോ ഒരാഴ്ച കൊണ്ടോ കനവിൽ നെയ്യുന്ന സ്വപ്നമല്ല സിനിമ. ദിവസങ്ങളുടെ, ചിലപ്പോൾ വർഷങ്ങളുടെ ശ്രമഫലമാണ് നമ്മളീ കാണുന്ന സിനിമ. പ്രതിഭയും പ്രതിഭാസവും ഒന്നാകുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷയുടെ ഭാരം എത്രത്തോളമുണ്ടെന്ന പൂർണ ബോധ്യത്തിൽ ഞങ്ങളിവിടെ തുടക്കം കുറിക്കുകയാണ്. അണിയറയിൽ തകൃതിയായി വേണ്ട ചേരുവകൾ കൂട്ടിയും കുറച്ചും പാകമാക്കി കൊണ്ടിരിക്കുന്നു. പ്രകൃതിയും മനുഷ്യരും ഒരുപോലെ കുളിരുന്ന ഈ ക്രിസ്മസ് നാളുകളിൽ ആകാംക്ഷയുടെ ആദ്യ സമ്മാനപൊതി പൊട്ടിക്കാൻ ഞങ്ങളെത്തുന്നു. കാത്തിരിപ്പിന് വിരാമമിടാം, ചോദ്യങ്ങളും ആശങ്കകളുമില്ലാത്ത ആ ഉത്തരത്തിനായി കുറച്ചു മണിക്കൂറുകൾ കൂടി ക്ഷമയോടെ കാത്തിരിക്കുക…

Leave a Reply

Your email address will not be published. Required fields are marked *