
ചരിത്ര പ്രധാനമായ മൂഴിക്കൽ സ്രാമ്പിയ:നവീകരണ പ്രവർത്തികൾക്ക് ശേഷം തുറന്നു നൽകി
വിശ്വാസത്തിന്റെ കരുത്തുറ്റ പ്രതീകമായി മൂഴിക്കൽ മുക്കിൽ നിലകൊള്ളുന്ന സ്രാമ്പിയ നവീകരണ പ്രവർത്തികൾക്ക് ശേഷം വിശ്വാസികൾക്കായി തുറന്നു നൽകി.ഇന്ന് മഖരിബ് നമസ്ക്കാരത്തിന് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ നേതൃത്വം നൽകിയാണ് ചടങ്ങ് നടന്നത്. നവീകരണ പ്രവർത്തികൾ നിർവഹിച്ച പള്ളിയുടെ താക്കോൽ ലക്കിനാസർ മഹല്ല് പ്രസിഡൻ്റ് അരീക്കൽ മൂസ ഹാജിക്ക് കൈമാറി. മഹല്ല് ഖത്തിബ് അസ്ലം ബാഖവി ദുആക്ക്നേതൃത്വം നൽകി. മഹല്ല് പ്രസിഡണ്ട് അരീക്കൽ മൂസ്സഹാജി, സിക്രറട്ടറി അസ്സൻ മാസ്റ്റർ,വൈസ് പ്രസിഡണ്ട് കൊല്ലറക്കൽ കോയ ,ജോയന്റ് സിക്രറട്ടറി വി.എം മജീദ്, ട്രഷറർ മഹ്സൂദ് തങ്ങൾ, പി കാശിം, സബ് കമ്മിറ്റി ഭാരവാഹികളായ ഉമ്മർ മാസ്റ്റർ, നവാസ് മൂഴിക്കൽ , മജീദ് മൂഴിക്കൽ , മൊയ്തു ഉസ്താദ് , , ലക്കി റിയാസ് അലി തുടങ്ങിയ 20 ഓളം പേർ പങ്കെടുത്തു.
1920 ൽ അയ്യമ്പാടത്ത് ഉണ്ണിചേക്കുഹാജി നിർമിച്ചതാണീ ചെറുപ്പള്ളി.ഇന്നും പ്രൗഢിയോടെ തലയെടുപ്പിൽ നിലനിൽക്കുന്ന ഈ സ്രാമ്പിയക്ക് ഏകദേശം 85 വർഷത്തെ പഴക്കമുണ്ടാകും.കോഴിക്കോട് ജില്ലയിൽ നിന്നും 7 കിലോമീറ്റർ ദൂരെ നഗരത്തോട് ചേർന്നാണ് മൂഴിക്കൽ മുക്ക് സ്ഥിതി ചെയ്യുന്നത്. ഏതാണ്ട് 23 വർഷം മുൻപ് ആദ്യമായി ഈ ചെറുപ്പള്ളിയെ കുറിച്ചുള്ള വാർത്ത പുറത്ത് കൊണ്ടുവന്നത് കുന്ദമംഗലം ന്യുസ് ജനശബ്ദത്തിന്റെ ചീഫ് എഡിറ്റർ എം സിബഗത്തുള്ളയാണ്. അന്ന് അധികമാരും ശ്രദ്ധിക്കപെടാത്ത മൂഴിക്കൽ മുക്കിലെ സ്രാമ്പിയയെ കുറിച്ചും ചരിത്രത്തെക്കുറിച്ചുമെല്ലാം വളരെ വിശദമായി ആളുകളിലേക്ക് എത്തിക്കുന്നതിന് അദ്ദേഹത്തിന് സാധിച്ചു.
മൂഴിക്കൽ മുക്കിൽ റോഡിനോട് ചേർന്നാണ് പൂർണമായും മരത്തിൽ നിർമിച്ച ഈ ചെറുപ്പള്ളി സ്ഥിതി ചെയ്യുന്നത്.മഴക്കാലം ആരംഭിക്കുന്നത് ഈ പ്രദേശത്ത് വെള്ളം കയറാൻ തുടങ്ങും. പൊതുവെ വെള്ളം കെട്ടിനിൽക്കുന്ന സ്ഥലത്തിന് മൂഴി എന്നാണ് വിളിപേരെന്നാണ് പഴമക്കാരുടെ പക്ഷം. അങ്ങനെയാണ് ഈ സ്ഥലം മൂഴിക്കൽ മുക്ക് എന്ന് അറിയപ്പെടുന്നത് എന്നും പറയുന്നു.
പണ്ടുകാലത്ത് കച്ചവടക്കാർ കൂടുതലും ചരക്കുകൊണ്ടുപോകുന്നതിനായി ഉപയോഗിച്ചിരുന്നത് കാള വണ്ടിയായിരുന്നു.ഈ ചരക്കുകളുമായി കോഴിക്കോടേക്ക് വരുന്ന കച്ചവടക്കാർ അധികവും മൂഴിക്കൽ മുക്കിലായിരുന്നു തങ്ങിയിരുന്നത്.അത്തരത്തിൽ ചരക്കുമായി എത്തുന്ന ഈ ആളുകൾക്ക് നമസ്ക്കാരം നടത്തുന്നതിന് വേണ്ടിയാണ് ഈ സ്രാമ്പിയ നിർമിച്ചത്. അന്ന് വളരെകുറച്ച് ആളുകൾ മാത്രമേ ഇത്തരത്തിൽ എത്തുകയുള്ളൂ ഇവർക്കായാണ് ഉണ്ണിചേക്കുഹാജി സ്രാമ്പിയ നിർമിച്ച് നൽകിയത്.കൂടാതെ ഇതിനോട് ചേർന്ന് ഒരു തളവും കെട്ടിനിർത്തിയിണ്ടായിരുന്നു.അന്ന് ഈ സ്രാമ്പിയ സ്ഥിതിചെയ്തിരുന്നത് മൂഴിക്കൽ ടൗണിലായിരുന്നു പിന്നീടാണ് മൂക്കിലേക്ക് മാറ്റി സ്ഥാപിച്ചത്. ജല നിരപ്പിൽ നിന്നും ആറടിയോളം ഉയരത്തിൽ നാല് കാലിൽ ആണ് സ്രാമ്പിയയുടെ നിർമാണം.പൂർണമായും മരത്തിൽ നിർമിച്ച വളരെക്കളപ്പഴക്കമുള്ള ഈ കെട്ടിടത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയത് ആർക്കിടെക്റ്റ് ഷെമീർ ശെലീൽ ആണ്. മുസ്ഹഫ് വെക്കുന്നതിനുവേണ്ടി ഒരു തൂക്ക് രൂപത്തിലെ തട്ട്, കൂടാതെ ക്രിസ്റ്റൽ ലൈറ്റുകൾ പുറമെ ഗാർഡൻ എന്നിവയെല്ലാം സ്രാമ്പിയയിൽ ഒരുക്കിയിട്ടുണ്ട് നാട്ടുകാരുടെ സഹായത്തോടെ പൊതുപങ്കാളിത്തത്തോടെയാണ് ഈ നവീകരണ പ്രവർത്തികൾ എല്ലാം പൂർത്തീകരിച്ചത്. ഇന്നും ഈ സ്രാമ്പിയയെ പെരുമയോടെ തനിമചോരാതെ കൊണ്ട് നടക്കുന്നത് പുളിക്കൽ മഹല്ല് ആണ് ഇവരുടെ കീഴിൽ നടത്തിപ്പിനായി ഒരു കമ്മിറ്റിയും ഉണ്ട്. ഈ കമ്മിറ്റി തന്നെയാണ് സ്രാമ്പിയയോട് ചേർന്നുള്ള മദ്രസയും നോക്കിനടത്തുന്നത് സ്രാമ്പിയയോട് ചേർന്ന് നിൽക്കുന്ന ഈ മദ്രസയിലെ കുട്ടികൾക്ക് നമസ്ക്കാരം പഠിപ്പിച്ചിരുന്നത് ഇവിടെ നിന്നുമാണ്.അന്ന് വളരെ കുറച്ച് കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ ഇന്ന് ധാരാളം കുട്ടികൾ എത്തിച്ചേരുന്നുണ്ട്. ഓട് മേഞ്ഞ മരത്തിൽ പണി തീർത്ത ഈ സ്രാമ്പിയയെ കാലങ്ങൾ ഏറെ മുന്നോട്ട് പോയെങ്കിലും നാടിന് പുരോഗമനം ഒരുപാട് ഉണ്ടായെങ്കിലും ഈ മണ്ണിൽ നിന്നും അടർത്തിയെടുക്കാൻ സാധ്യമല്ല.ഈ സ്രാമ്പിയ വിശ്വാസത്തിന്റെയും പഴമയുടെയും രാജകീയ പ്രൗഢിയാണ് ഇവിടെയുള്ളവർ ചരിത്രത്തെ നോക്കികാണുന്നത് ഈ ചെറുപ്പള്ളിയിലൂടെയാണ്
