തിരുവനന്തപുരം ചാക്കയിൽ നിന്ന് രണ്ട് വയസുകാരിയെ കാണാതായ സംഭവത്തിൽ ഡിഎൻഎ പരിശോധന. കുട്ടിയുമായി ബന്ധപ്പെട്ട ഒരുവിവരവും കൈമാറാൻ രക്ഷിതാക്കൾ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് പൊലീസ് നടപടി. നിലവിൽ ശിശു ക്ഷേമ സമിതിയുടെ സംരക്ഷണയിലുള്ള കുട്ടിയെ ഡിഎൻഎ ഫലം കൂടി പരിശോധിച്ച ശേഷമെ വിട്ടു നൽകു. അന്വേഷണത്തോട് മാതാപിതാക്കളും ബന്ധുക്കളും സഹകരിക്കുന്നില്ല.തലസ്ഥാന നഗരത്തിലെ അതീവ സുരക്ഷാ മേഖലയിൽ നിന്ന് രണ്ട് വയസുകാരിയെ കാണാതായ സംഭവത്തിൽ ദൂരൂഹതകൾ അവസാനിച്ചിട്ടില്ല. പൊലീസ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കുട്ടിയെ സംബന്ധിക്കുന്ന ഒരു രേഖകളും ഇതുവരെ നാടോടി കുടുംബം ഹാജരാക്കിയിട്ടില്ല. തുടക്കം മുതൽ മാതാപിതാക്കളുടെ ഇടപെടലിലും പൊലീസിന് സംശയങ്ങൾ ഏറെയുണ്ട്. ഈ സാഹചര്യത്തിലാണ് ഡിഎൻഎ പരിശോധന തീരുമാനിച്ചത്. ഇതിനായി കുട്ടിയുടെയും മാതാപിതാക്കളുടെയും രക്തസാമ്പിളുകൾ ശേഖരിച്ചു. ഏഴ് ദിവസത്തിനുള്ളിൽ പരിശോധനാ ഫലം കിട്ടും.കുട്ടിയെ കാണാതായ ദിവസം മാതാപിതാക്കളും ഒപ്പമുണ്ടായിരുന്ന ബന്ധുക്കളും മദ്യ ലഹരിയിലായിരുന്നു. അന്ന് കുട്ടിക്കും മദ്യം നൽകിയിരുന്നോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇത് ഉറപ്പിക്കുന്നതിനുള്ള പരിശോധനയും നടത്തുന്നുണ്ട്. നിലവിൽ ശിശു ക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ് കുട്ടി. കുട്ടിയെ വിട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ കഴിഞ്ഞ ദിവസങ്ങളൽ അശുപത്രിയിലടക്കം പ്രതിഷേധം ഉയർത്തിയിരുന്നു. കുട്ടിയുമായി തിരികെ നാട്ടിലേക്ക് പോകണമെന്നും കേസിന്റെ തുടർനടപടികളിൽ താത്പര്യം ഇല്ലെന്നുമാണ് രക്ഷിതാക്കളുടെ നിലപാട്. അതേസമയം സിസിടിവികൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം മുന്നോട്ട് പോകുന്നത്. ഇതുവരെ പരിശോധിച്ച ദൃശ്യങ്ങളിൽ കുട്ടി എങ്ങനെ കാടുമൂടിയ ഓടയിലേക്ക് എത്തിയെന്ന് വ്യകതമായിട്ടില്ല. ഇതിന് ഉത്തരം കണ്ടെത്തുകയാണ് പൊലീസിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.

Leave a Reply

Your email address will not be published. Required fields are marked *