ഐഎസ്ആർആയുടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം ആർഎൽവിയുടെ (പുഷ്പക്) രണ്ടാം ലാൻഡിങ് പരീക്ഷണവും വിജയകരമായി പൂർത്തിയാക്കി. കർണാടകയിലെ ചിത്രദുർഗയിലെ ഡിആർഡിഒയുടെ എയറോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ വച്ചായിരുന്നു പരീക്ഷണം. രാവിലെ 7.10 നാണ് പരീക്ഷണം നടന്നത്. ചിനൂക് ഹെലികോപ്റ്റർ ഉപയോഗിച്ച് നാലര കിലോമീറ്റർ ഉയരത്തിൽ പേടകത്തെ എത്തിച്ച ശേഷം താഴേക്ക് ഇട്ടു. പേടകം സ്വയം ദിശ മാറ്റി ലാൻഡ് ചെയ്തു.കഴിഞ്ഞ തവണ നേരെ റൺവേയുടെ ദിശയിലേക്കാണ് പേടകത്തെ ഇട്ടത്, ഇത്തവണ അൽപ്പം വശത്തേക്ക് മാറിയാണ് പേടകത്തെ താഴേക്കിട്ടത്. ദിശാ മാറ്റ സംവിധാനത്തിന്റെ കാര്യക്ഷമത ഉറപ്പുവരുത്താനായിരുന്നു ഈ മാറ്റം. കഴിഞ്ഞ വർഷം ഏപ്രിൽ രണ്ടിനാണ് ആദ്യ ആർഎൽവി ലാൻഡിങ്ങ് പരീക്ഷണം നടന്നത്. 11 മാസങ്ങൾക്ക് ശേഷമാണ് രണ്ടാമത്തെ പരീക്ഷണം നടത്തിയത്. ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് തിരിച്ചിറങ്ങുമ്പോള്‍ പല പ്രതികൂല സാഹചര്യങ്ങളെയും നേരിടേണ്ടിവന്നേക്കാം. അത്തരം സാഹചര്യങ്ങളെ കൈകാര്യം ചെയ്യാനുള്ള പരിശീലനമാണ് ഈ ലാൻഡിങ് പരീക്ഷണങ്ങള്‍. ഈ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കുന്നതോടെയാണ് യഥാർത്ഥ അഗ്നിപരീക്ഷ. പേടകത്തെ ശരിക്കും ബഹിരാകാശത്തേക്ക് അയക്കും.ജിഎസ്എൽവി റോക്കറ്റിന്‍റെ ക്രയോജനിക് ഘട്ടം ഒഴികെയുള്ള ഭാഗങ്ങളും പിഎസ്എൽവിയുടെ നാലാം ഘട്ടവും ചേർന്നൊരു റോക്കറ്റ്. അതിന്‍റെ തലപ്പത്ത് ആർഎൽവി. അടുത്ത വർഷം തന്നെ വിക്ഷേപണം നടത്തുകയാണ് ലക്ഷ്യം. ആദ്യ ബഹിരാകാശ യാത്രക്ക് ശേഷം ആൻഡമാനിലാണ് പേടകം വന്നിറങ്ങുക.

Leave a Reply

Your email address will not be published. Required fields are marked *