കോഴിക്കോട് : നൂറോളം കേസുകളില്‍ പ്രതിയായ കോഴിക്കോട് സ്വദേശി പിടിയില്‍. കൂടരഞ്ഞി സ്വദേശി കൊന്നാം തൊടി ഹൗസില്‍ ബിനോയ് .കെ.വി (41) യെ കോഴിക്കോട് സിറ്റി നാര്‍ക്കോട്ടിക്ക് സെല്‍ അസി: കമ്മീഷണര്‍ ടി.പി ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫും, എസ്.ഐ .മുഹമദ് സിയാദിന്റെ നേതൃത്വത്തിലുള്ള ടൗണ്‍ പോലീസും ചേര്‍ന്ന് പിടികൂടിയത്.
കോഴിക്കോട് ജില്ലയില്‍ ഷോപ്പിന്റെ പൂട്ടുപൊളിച്ച് നടന്ന മോഷണവുമായി ബന്ധപ്പെട്ട അന്വേക്ഷണത്തില്‍ കോഴിക്കോട് ഡെപ്പ്യൂട്ടി പോലീസ് കമ്മീഷണര്‍ അനൂജ് പലിവാളിന് കിട്ടിയ രഹസ്യ വിവരത്തിലാണ് ലിങ്ക് റോഡ് കിളിപ്പറമ്പ് ക്ഷേത്രത്തിനടുത്ത് നിന്ന് ബിനോയ് പിടിയിലാവുന്നത്.
കോഴിക്കോട് മിഠായ് തെരുവിലെ K 22 PM എന്ന ഷോപ്പിന്റെ പൂട്ടു പൊളിച്ച് എഴുപതിനായിരം രൂപ മോഷണം നടത്തിയതും, കോട്ട പറമ്പ് മാക്കോത്ത് ലെയിനിലുള്ള യൂസ്ഡ് ബൈക്ക് ഷോറൂമായ വി.കെ അസോസിയേറ്റിന്റെ പൂട്ട് പൊളിച്ച് ബൈക്ക് മോഷണം നടത്തിയതും പ്രതിയാണ് . മോഷണം നടത്തിയതിന് ശേഷം ബിനോയ് കാസര്‍കോഡ് ഭാഗത്ത് ഒളിവില്‍ കഴിയുകയായിരുന്നു. പുതിയ മോഷണം നടത്താന്‍ പദ്ധതിയിട്ട് വീണ്ടും കോഴിക്കോട് വന്നപ്പോഴാണ് പ്രതി പിടിയിലാവുന്നത്.
നാല് മാസം മുമ്പ് കണ്ണൂര്‍ ജയിലില്‍ നിന്നും ഇറങ്ങിയ ഇയാള്‍ കോഴിക്കോട് , കണ്ണൂര്‍ , കാസര്‍കോഡ് തുടങ്ങിയ ജില്ലകളുടെ പല ഭാഗങ്ങളിലുള്ള ഷോപ്പുകളിലും, ക്ഷേത്ര ങ്ങളിലും, ബീവറേജിലും മോഷണം നടത്തിയതായി പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു.
ഡാന്‍സാഫ് സബ് ഇന്‍സ്‌പെക്ടര്‍ മനോജ് എടയേടത്ത്, എ.എസ് ഐ അബ്ദുറഹ്‌മാന്‍.കെ, അനീഷ് മുസ്സേന്‍വീട്, അഖിലേഷ്.കെ, സുനോജ് കാരയില്‍, ടൗണ്‍ സ്റ്റേഷനിലെ എസ് ഐ സുലൈമാന്‍. ബി , വിജീഷ്, രഞ്ജിത്ത്, ജയകൃഷ്ണന്‍ എന്നിവരാണ് അന്വേക്ഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.