തലസ്ഥാന നഗരത്തിലെ ഇ ബസ്സുകളുടെ നിരക്ക് കൂട്ടി സർവ്വീസുകൾ പുനക്രമീകരിച്ചതിനെതിരെ പരാതിയുമായി കോർപ്പറേഷൻ. ചർച്ചകൾ കൂടാതെയാണ് ഗതാഗതവകുപ്പ് തീരുമാനമെന്നാണ് കോർപ്പറേഷൻ നിലപാട്. അതേ സമയം നഷ്ടത്തിലായ ഷെഡ്യൂളുകളാണ് പുനക്രമീകരിച്ചതെന്നാണ് ഗതാഗതവകുപ്പ് വിശദീകരണം.ഇലക്ട്രിക് ബസ്സുകൾ ലാഭത്തിലല്ലെന്ന നിലപാടാണ് കെബി ഗണേഷ് കുമാറിന്. ഇതിന്‍റെ തുടർച്ചയായാണ് തലസ്ഥാനത്തെ ഇ ബസ്സുകളുടെ നിരക്ക് കൂട്ടിയത്. പത്ത് രൂപ നിരക്കിൽ നേരത്തെ ഒരു ട്രിപ്പ് മുഴുവൻ സഞ്ചരിക്കാമായിരുന്നു. ജനപ്രിയ ഓർഡിനറി സർവ്വീസ് സിറ്റി ഫാസ്റ്റാക്കി മിനിമം നിരക്ക് 12 ആക്കിയത്. കഴിഞ്ഞ ദിവസമാണ് തീരുമാനം വന്നത്.എട്ട് സർക്കിളുകളിൽ നിന്ന് രണ്ടു ബസ്സുകൾ വീതം ഇതിനകം പിൻവലിച്ചു. ചില നൈറ്റ് ഷെഡ്യൂളും മാറ്റിയതോടെ യാത്രക്കാർ വലഞ്ഞു. സിറ്റി സർവ്വീസുകൾ ഫാസ്റ്റാക്കി നഗരത്തിന് പുറത്തേക്കും മാറ്റി. ഇ ബസ്സുകളുടെ സമയ ദൈർഘ്യം 15 മിനുട്ടിൽ നിന്ന് 25 മിനുട്ടാക്കി.കോർപ്പറേഷൻ പങ്കാളിത്തോട് കൂടിയാണ് ഇ ബസ് പദ്ധതി. നഗരത്തിലെ ഗതാഗതപ്രശ്നം പരിഹരിക്കാനുള്ള പദ്ധതി നഗരത്തിന് പുറത്തേക്ക് മാറ്റിയതിലും നിരക്ക് കൂട്ടിയതിലും കോർപ്പറേഷന് അതൃപ്തിയുണ്ട്. മേയർ ഉടൻ നിലപാട് ഗതാഗതമന്ത്രിയെ അറിയിക്കും. മന്ത്രിയുടെ പരിഷ്കാരങ്ങളിൽ കോർപ്പറേഷന് പുറമെ വട്ടിയൂർകാവ് എംഎൽഎക്കും നേരത്തെ തന്നെ എതിർപ്പുണ്ടായിരുന്നു. അതേ സമയം നിരക്ക് കൂട്ടിയത് ലാഭം കൂട്ടാനാണെന്നാണ് മന്ത്രിയുടെ ഓഫീസിന്‍റെ വിശദീകരണം. റൂട്ട് പുനക്രമീകരണവും നഷ്ടം കുറക്കാനാണെന്നും പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *