കോട്ടയം: കോട്ടയത്ത് ദമ്പതികള്‍ വീട്ടില്‍ മരിച്ചനിലയില്‍. ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയേയും ഭാര്യയേയുമാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടയം നഗരമധ്യത്തിലെ വീടിനുള്ളിലാണ് വിജയകുമാര്‍ (64) ഭാര്യ മീര (60) എന്നിവരെ മരിച്ച നിലയില്‍ ഇന്നു രാവിലെ വീട്ടു ജോലിക്കാരി കണ്ടെത്തിയത്.
ഇരുവരും കൊല്ലപ്പെട്ടതാണെന്ന് പൊലീസ് അറിയിച്ചു.മൃതദേഹത്തിന്റെ സമീപത്തു നിന്ന് ആയുധകള്‍ കണ്ടെത്തി. ഇരുവരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ജോലിക്കാരി വന്ന് നോക്കുമ്പോള്‍ മുന്നിലെ വാതില്‍ തുറന്നു കിടക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരുടേയും മൃതദേഹം കണ്ടത്. കോട്ടയം നഗരത്തിന് സമീപം തിരുവാതുക്കല്‍ ആണ് വീട്. രണ്ട് മുറികളിലായാണ് മൃതദേഹം കണ്ടത്.
ഒരു മകനും മകളുമാണ് ദമ്പതികള്‍ക്ക് ഉള്ളത്. മകന്‍ നേരത്തെ മരിച്ചിരുന്നു. മകള്‍ വിദേശത്താണ്. ഒരു കാര്യസ്ഥന്‍ വീട്ടിലുണ്ടായിരുന്നു. നേരത്തെ ഒരു അന്തര്‍സംസ്ഥാന തൊഴിലാളി ഇവിടെ ജോലി ചെയ്തിരുന്നു. സ്വഭാവ ദൂഷ്യത്തെ തുടര്‍ന്ന് ഇയാളെ പറഞ്ഞയച്ചിരുന്നു. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതിന് ഇയാള്‍ ജയിലിലും കിടന്നിരുന്നു. അതിന്റെ വൈരാഗ്യം ഈ കൊലപാതകത്തിന് പിന്നിലുണ്ടെന്ന സംശയം ബന്ധുകള്‍ ഉന്നയിച്ചു