മുംബൈ ∙ എൻസിപി അധ്യക്ഷൻ ശരദ് പവാറിനെ (85) ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാൻസറിനെ അതിജീവിച്ച പവാർ നെഞ്ചിലെ അണുബാധയെയും നിർജലീകരണത്തെയും തുടർന്നു കഴിഞ്ഞ 3 മാസത്തിനിടെ 2 തവണ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു.
ഈ മാസം ആദ്യവാരം രാജ്യസഭയിലേക്ക് എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം വീൽചെയറിൽ ഇരുന്നാണു സത്യപ്രതിജ്ഞ ചെയ്തത്.
അജിത് പവാറിന്റെ മരണത്തെത്തുടർന്നുള്ള ഉപതിരഞ്ഞെടുപ്പ് ബാരാമതിയിൽ നാളെ നടക്കാനിരിക്കെ ശരദ് പവാറിനു വോട്ട് ചെയ്യാൻ കഴിഞ്ഞേക്കില്ല. 1967 മുതൽ പവാർ ബാരാമതിയിലെ വോട്ട് മുടക്കിയിട്ടില്ല. ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്നും പതിവ് പരിശോധനയ്ക്കായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ആണ് കുടുംബത്തിന്റെ വിശദീകരണം.
