പ്രശസ്‌ത ചലച്ചിത്ര പിന്നണി ഗായിക സംഗീത സചിത് (46) അന്തരിച്ചു. വൃക്കരോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്ത് സഹോദരിയുടെ വീട്ടിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. സംസ്‌കാരം വൈകുന്നേരം മൂന്ന് മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ നടക്കും.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ഇരുനൂറോളം സിനിമകളില്‍ ഇവർ പാടി. തമിഴ് ചിത്രമായ ‘നാളൈതീര്‍പ്പി’ലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. എ.ആര്‍.റഹ്‌മാന്റെ സംഗീതസംവിധാനം നിർവഹിച്ച ‘മിസ്റ്റര്‍ റോമിയോ’യിലെ ‘തണ്ണീരും കാതലിക്കും’ എന്ന ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു.

‘എന്ന് സ്വന്തം ജാനകിക്കുട്ടി’ എന്ന ചിത്രത്തിലെ ‘അമ്പിളിപൂവട്ടം പൊന്നുരുളി’എന്ന ഗാനമാണ് മലയാളത്തിൽ ആദ്യമായി പാടിയത്. ‘രാക്കിളിപ്പാട്ട്’ എന്ന ചിത്രത്തിലെ ‘ധും ധും ധും ദൂരെയേതോ’ ‘കാക്കക്കുയിലി’ലെ ‘ആലാരേ ഗോവിന്ദ’, ‘പഴശ്ശിരാജ’യിലെ ‘ഓടത്തണ്ടില്‍ താളം കൊട്ടും’, ‘അയ്യപ്പനും കോശിയി’ലെ ‘താളം പോയി തപ്പും പോയി’ തുടങ്ങിയ ഗാനങ്ങൾ ആലപിച്ചത് സംഗീതയാണ്. പൃഥ്വിരാജ് നായകനായ ‘കുരുതി’യിലെ തീം സോങ് ആണ് മലയാളത്തില്‍ ഒടുവിലായി പാടിയത്.
കോട്ടയം നാഗമ്പടം ഈരയില്‍ പരേതനായ വി ജി സചിത്തിന്റെയും രാജമ്മയുടെയും മകളാണ് സംഗീത. ഏക മകൾ: അപര്‍ണ. സഹോദരങ്ങള്‍: സ്വപ്ന ശ്യാമപ്രസാദ്, സ്മിത അനില്‍.

Leave a Reply

Your email address will not be published. Required fields are marked *