തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണനെ തെരഞ്ഞെടുത്തു. മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ.

തിരുവഞ്ചൂർ 101 വോട്ടും എ.സി. മൊയ്തീൻ 35 വോട്ടും ബി.ബി ഗോപകുമാർ മൂന്ന് വോട്ടുമാണ് നേടിയത്. കേരളനിയമസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് സ്പീക്കർ സ്ഥാനത്തേക്ക് മൂന്നുപേർ മത്സരിക്കുന്നത്. 139 അംഗങ്ങളാണ് തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത്. പ്രോടെം സ്പീക്കർ എന്ന നിലയിൽ ജി. സുധാകരൻ വോട്ട് രേഖപ്പെടുത്തിയില്ല.

സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട തിരുവഞ്ചൂരിനെ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ചേർന്ന് ഡയസിലേക്ക് ആനയിച്ചു. തിരുവഞ്ചൂർ സ്പീക്കർ കസേര ഏറ്റെടുത്തതിന് ശേഷം എംഎൽഎമാർ അദ്ദേഹത്തിന് അനുമോദനങ്ങൾ അറിയിച്ചു.

പതിനാറാം കേരള നിയമസഭയുടെ സ്പീക്കർ എൻ്റെ ജ്യേഷ്ഠ സഹോദരൻ എന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. നിയമസഭക്ക് അകത്തും പുറത്തും അർപ്പണ ബോധത്തോടെ പ്രവർത്തിക്കുന്നയാളാണ് അദ്ദേഹമെന്നും ഞങ്ങളുടെ യുവജന കാലത്ത് തീപ്പൊരിയായ നേതാവായിരുന്നുവെന്നും വി.ഡി. സതീശൻ പറഞ്ഞു.

സുദീർഘമായ പ്രവർത്തന പരിചയമാണ് തിരുവഞ്ചൂരിനുള്ളതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. വിവിധ വകുപ്പുകളുടെ ചുമതല വഹിച്ച അനുഭവവും വൈവിധ്യമാർന്ന അനുഭവ പശ്ചാത്തലവുമുണ്ടെന്നും പിണറായി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *