ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ രസം കൊല്ലിയായി മഴ തുടരുകയാണ്. ഇതിനോടകം തന്നെ രണ്ട് ദിവസത്തെ കളി പ്രതികൂല കാലവസ്ഥ മൂലം ഉപേക്ഷിക്കേണ്ടി വന്നു. മത്സരം നടന്നതാകട്ടെ കേവലം 141.1 ഓവര്‍ മാത്രം.

ഇതിനിടെ ഇംഗ്ലണ്ട് ഫൈനലിന് വേദിയാക്കിയതിനെതിരെ പ്രതിഷേധിച്ചു കൊണ്ട് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിനെതിരെ നിരവധി താരങ്ങള്‍ രംഗത്തെത്തിയിരിക്കുകയാണ്.
“ഇത് പറയുന്നതില്‍ എനിക്ക് വേദനയുണ്ട്, എങ്കിലും സുപ്രധാന മത്സരങ്ങള്‍ക്കായി ഇംഗ്ലണ്ട് തിരഞ്ഞെടുക്കരുത്,” മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സണ്‍ ട്വീറ്റ് ചെയ്തു.

ബാറ്റ്സ്മാനും വിചാരിച്ചപോലെ ടൈമിങ് ലഭിക്കുന്നില്ല, ഐ.സി.സിക്കും ടൈമിങ്ങില്ല എന്ന് വിരേന്ദര്‍ സേവാഗ് ട്വീറ്റ് ചെയ്തു.

“ആരാധകര്‍ക്ക് ഇത് നിരാശ നല്‍കുന്നു. ഐ.സി.സിക്ക് പിഴച്ചുവെന്നാണ് എനിക്ക് തോന്നുന്നത്. ഒരു ചാമ്പ്യനെ തിരഞ്ഞെടുക്കുക മാത്രമാണ് അവര്‍ക്ക് മുന്നിലുണ്ടായ ലക്ഷ്യം. ഒരു റിസേര്‍വ് ദിനം ഉണ്ട് എന്നതില്‍ നമുക്ക് പ്രതീക്ഷയുണ്ട്. പക്ഷെ ഈ കാലവസ്ഥയില്‍ അത് സാധ്യമാകുമോ എന്നതില്‍ തീര്‍ച്ചയില്ല,” മുന്‍ ഇന്ത്യന്‍ താരം വി.വി.എസ് ലക്ഷ്മണ്‍ വ്യക്തമാക്കി.

ന്യൂസിലന്‍ഡിന്റെ എക്കാലത്തെയും മികച്ച ബോളര്‍മാരില്‍ ഒരാളായ ഷെയിന്‍ ബോണ്ടും ലക്ഷ്മണ് പിന്തുണ പ്രഖ്യാപിച്ചു. “രണ്ട് ടീമുകളും ജയിക്കാനായാണ് കളിക്കുന്നത്. പിച്ച് വളരെയധികം ബോളര്‍മാരെ പിന്തുണയ്ക്കുന്നുണ്ട്. മൂന്ന് നാല് ദിവസമെങ്കിലും കളി നടന്നിരുന്നെങ്കില്‍ ഒരു ഫലം കണ്ടെത്താമായിരുന്നു. എത്രയധികം നീണ്ടാലും, 450 ഓവറുകളും പൂര്‍ത്തിയാക്കി ഒരു ടീം മുന്നിലെത്തുന്നത് കാണാനാണ് എനിക്കും താത്പര്യം,” ബോണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *