അഫ്ഗാനിസ്ഥാന്‍റെ തൊട്ട് മുകിലായാണ് ഭൂമി ശാസ്ത്രപരമായി താജിക്കിസ്ഥാന്‍റെ സ്ഥാനം. പക്ഷേ, തീവ്രഇസ്ലാമിക പാത പിന്തുടരുന്ന അഫ്ഗാനില്‍ നിന്നും തികച്ചും വ്യത്യസ്തമായ പാതയിലാണ് താജിക്കിസ്ഥാന്‍റെ യാത്ര. താജിക്കിസ്ഥാൻ പാർലമെന്‍റിന്‍റെ ഉപരിസഭയായ മജ്‌ലിസി മില്ലി, ജൂൺ 19 ന് ‘അന്യഗ്രഹ വസ്ത്രങ്ങളും’ (alien garments) രണ്ട് പ്രധാന ഇസ്ലാമിക അവധി ദിനങ്ങളിലെ കുട്ടികളുടെ ആഘോഷങ്ങളും നിരോധിക്കുന്ന നിയമം പാസാക്കി. ഈദ് അൽ ഫിത്തറും ഈദ് അൽ അദ്ഹയുമാണ് നിരോധിച്ച ആഘോഷങ്ങള്‍. ഉപരിസഭയുടെ ചെയര്‍മാനായ റുസ്തം ഇമോമാലിയുടെ നേതൃത്വത്തിൽ നടന്ന മജ്‌ലിസി മില്ലിയുടെ 18-ാമത് സെഷനിലാണ് പുതിയ നിയമങ്ങള്‍ പാസാക്കിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അധോസഭയായ മജ്‌ലിസി നമോയാൻഡഗോൺ മെയ് 8 ന് പാസാക്കിയ ബില്ലാണ് ഇപ്പോള്‍ ഉപരിസഭയിലും പാസാക്കിയത്. ഇതോടെ രാജ്യത്ത് ഹിജാബിനും മറ്റ് പരമ്പരാഗത ഇസ്ലാമിക വസ്ത്രങ്ങള്‍ക്കും നിരോധനം വന്നു. ‘കുട്ടികള്‍ക്ക് ശരിയായ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും റമദാൻ, ഈദ് അൽ-അദ്ഹ എന്നിവയിൽ അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് കുട്ടികളുടെ അവധി ദിനങ്ങൾ നിരോധിച്ചയെന്ന് റേഡിയോ ലിബർട്ടിയുടെ താജിക് സർവീസായ റേഡിയോ ഓസോഡിയില്‍ മതകമ്മിറ്റി തലവൻ സുലൈമാൻ ദവ്‌ലത്‌സോഡ പറഞ്ഞു. പുതിയ നിയമം മുൻ സോവിയറ്റ് റിപ്പബ്ലിക്കായിരുന്ന താജിക്കിസ്ഥാനിലെ ഭൂരിഭാഗം മുസ്ലീം ജനവിഭാഗങ്ങൾക്കിടയിൽ വലിയ ചർച്ചയ്ക്ക് തിരികൊളുത്തിതായും റിപ്പോര്‍ട്ട് പറയുന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് കടുത്ത പിഴ ശിക്ഷയാണ് ലഭിക്കുക. വ്യക്തികള്‍ നിയമം ലംഘിച്ചാല്‍ 7,920 സോമോനി (62,398 രൂപ) പിഴ നല്‍കണം. ഇനി കമ്പനികളാണ് നിയമം ലംഘിക്കുന്നതെങ്കില്‍ 39,500 സോമോനി ( 3,11,206 രൂപ) വരെയാകും പിഴ. സർക്കാർ ഉദ്യോഗസ്ഥരും മതനേതാക്കളും കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ അതിലും കൂടുതൽ പിഴ പണം നൽകേണ്ടി വരും, ഉദ്യോഗസ്ഥർക്ക് 54,000 സോമോനികളും (4,25,446 രൂപയും) മതനേതാക്കന്മാർക്ക് 57,600 സോമോനികളും (4,53,809) പിഴ നല്‍കേണ്ടിവരും. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ രാജ്യത്ത് ഇസ്ലാമിക ഹിജാബ് ധരിക്കുന്നതിന് കാര്യമായ പിന്തുണ ലഭിച്ചിരുന്നില്ല. പുതിയ നിയമത്തോടെ താജിക്കിസ്ഥാൻ ഔദ്യോഗികമായി തന്നെ ഹിജാബിന് നിരോധം ഏര്‍പ്പെടുത്തി.വിദ്യാർത്ഥികളുടെ ഇസ്‌ലാമിക വസ്ത്രങ്ങളും പാശ്ചാത്യ ശൈലിയിലുള്ള മിനിസ്‌കേർട്ടുകളും നിരോധിച്ച് കൊണ്ട് രാജ്യത്തെ വിദ്യാഭ്യാസ മന്ത്രാലയം ആദ്യമായി രംഗത്തെത്തിയത് 2007 -ലാണ്. ഈ നിയന്ത്രണം പിന്നീട് എല്ലാ പൊതു സ്ഥാപനങ്ങളെയും ഉൾപ്പെടുത്തി വിപുലീകരിക്കുകയായിരുന്നു. അക്കാലത്ത് നിയമ ലംഘനം പിടികൂടാന്‍ പോലീസ് മാർക്കറ്റുകളിൽ റെയ്ഡുകൾ പോലും നടത്തി. ഹിജാബിനും മിനി സ്കേര്‍ട്ടിനും നിരോധനമുണ്ടെങ്കിലും സര്‍ക്കാര്‍ തദ്ദേശീയ താജിക് വസ്ത്രം ധരിക്കാന്‍ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നു. 2018 ല്‍ താജികിസ്ഥാനില്‍ ധരിക്കേണ്ട വസ്ത്രങ്ങളുടെ 376 പേജുള്ള ഒരു ഗൈഡ് ബുക്ക് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിരുന്നു. സ്ത്രീകളുടെ വസ്ത്രങ്ങളിലാണ് നിയന്ത്രണമെങ്കില്‍ പുരുഷന്മാര്‍ക്ക് കുറ്റിതാടി ധരിക്കുന്നതിനും അനൌപചാരിക നിയന്ത്രണമുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാടുന്നു.പോലീസ് നിരവധി യുവാക്കളുടെ താടി നിര്‍ബന്ധപൂര്‍വ്വം വടിച്ചെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *