മണ്ണന്തലയിൽ സഹോദരൻ സഹോദരിയെ മർദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പുതിയ വിശദാംശങ്ങൾ പുറത്ത്. ഷഹീനയുടെ മറ്റു ബന്ധങ്ങൾ ചോദ്യംചെയ്തതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് എഫ്ഐആർ. രണ്ടാം പ്രതി വിശാഖിന്റെ സഹായത്തോടെയാണ് സഹോദരൻ ഷംഷാദ് കൊലപാതകം നടത്തിയതെന്നും പോലീസ് കണ്ടെത്തി. പ്രതികളെ കോടതിയിൽ ഞായറാഴ്ച ഹാജരാക്കും.യാതൊരു കുറ്റബോധവുമില്ലാതെയാണ് ഷംഷാദ് സഹോദരിയെ മർദിച്ച് കൊലപ്പെടുത്തിയ കാര്യം പോലീസിന് മുമ്പിൽ സമ്മതിച്ചത്. ചോരയിൽ കുളിച്ചുകിടക്കുന്ന മകളെ രക്ഷിക്കാൻ ശ്രമിച്ച മാതാപിതാക്കളെ തടഞ്ഞതും ഷംഷാദാണ്. സഹോദരിയുടെ സൗഹൃദങ്ങൾ തന്നെ അസ്വസ്ഥപ്പെടുത്തിയിരുന്നെന്ന് പ്രതി പോലീസിനോട് പറഞ്ഞു.

സുഹൃത്തുക്കളെ നിരന്തരം വീഡിയോ കോൾ ചെയ്തിരുന്ന ഷഹീന, ദാമ്പത്യജീവിതം സ്വയം നശിപ്പിച്ചതാണെന്നും ഷംഷാദ് വിശ്വസിച്ചു. ഇതിലെ തർക്കം മർദ്ദനത്തിലേക്കും തുടർന്ന് കൊലപാതകത്തിലേക്കും നയിച്ചെന്നാണ് പോലീസ് എഫ്ഐആർ. കഴിഞ്ഞ ആറുമാസമായി ഷഹീന വിവാഹബന്ധം ഉപേക്ഷിച്ച് കുടുംബത്തോടൊപ്പം കഴിയുകയായിരുന്നു.

രണ്ടാംപ്രതി ചെമ്പഴന്തി സ്വദേശി വിശാഖിന്റെ അറിവോടെയാണ് കൊലപാതകം നടന്നെന്നാണ് പോലീസിന്റെ കണ്ടെത്തൽ. കൊലപാതകം നടന്ന മണ്ണന്തലയിലെ അപ്പാർട്ട്മെന്റിൽ ഫോറൻസിക് സംഘം പരിശോധന നടത്തി.

ശനിയാഴ്ചയാണ് പോത്തൻകോട് ചാത്തൻപാട് കൊച്ചുവീട്ടിൽ ഷഹീന കൊല്ലപ്പെട്ടത്. ഇവർ വാടകയ്ക്കു താമസിച്ചിരുന്ന മണ്ണന്തല അത്രക്കാട്ടിൽ എൻക്ളേവ് അപ്പാർട്‌മെൻറിലായിരുന്നു സംഭവം. വൈകീട്ട് നാലരയോടെ സ്ഥലത്തെത്തിയ മാതാപിതാക്കളായ സലീനയും മുഹമ്മദ് ഷഫീക്കുമാണ് മരണവിവരം അറിഞ്ഞത്. ഷഹീനയുടെ ദേഹമാസകലം മുറിപ്പാടുകളുണ്ടായിരുന്നു .

കൊലപാതകം നടന്ന മണ്ണന്തലയിലെ ഹോം സ്റ്റേയിൽനിന്ന്‌ മൂത്ത സഹോദരൻ ഷംഷാദി(44)നെയും സുഹൃത്ത് വൈശാഖിനെയും പോലീസ് അറസ്റ്റുചെയ്തു. മദ്യപിച്ചു ലക്കുകെട്ട നിലയിലായിരുന്നു ഇരുവരുമെന്ന്‌ പോലീസ് പറഞ്ഞു. ഇവരെ രാത്രി വൈദ്യപരിശോധനയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കി.

ആറു മാസമായി ഭർത്താവ് അസിനുമായി അകന്നുകഴിയുകയായിരുന്നു ഷഹീന. ഷംഷാദിന്റെ ദന്തചികിത്സയുടെ ഭാഗമായാണ് ഇരുവരും മണ്ണന്തലയിലെത്തിയത്. 14 മുതൽ മണ്ണന്തലയിലെ ഒരു ഹോംസ്റ്റേ അപ്പാർട്‌മെന്റിൽ വാടകയ്ക്കു താമസിച്ചുവരികയായിരുന്നു. രണ്ടു മുറികളുള്ള അപ്പാർട്‌മെന്റിലെ ഒരു മുറിയിലാണ് ഷഹീനയുടെ മൃതദേഹം കിടന്നിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *