ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ യു ഡി എഫില്‍ ഒടുവില്‍ അഭിപ്രായ ഐക്യമായി. മുസ്‌ലിംകള്‍ക്ക് പ്രത്യേക പരിഗണന കിട്ടണം, സച്ചാര്‍ റിപ്പോര്‍ട്ടിലെ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കണം എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്. ക്രൈസ്തവര്‍ അടക്കമുള്ള ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി പ്രത്യേക സ്‌കോളര്‍ഷിപ്പ് പദ്ധതി ആരംഭിക്കണം. മുസ്ലിംലീഗിന്റെ ഭാഗത്തുനിന്നും ഉയര്‍ന്ന കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസും ഈ ആവശ്യത്തിലേക്ക് എത്തിയത്. നിയമസഭാ സമ്മേളനത്തിന് മുമ്പായി യു ഡി എഫ് നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഐക്യം ഉണ്ടാക്കാന്‍ പ്രത്യേക യോഗം ചേര്‍ന്നു.

നേരത്തെ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറഞ്ഞതില്‍ നിന്നും വ്യത്യസ്ത നിലപാടിലേക്ക് ആണ് ഒടുവില്‍ കോണ്‍ഗ്രസും യുഡിഎഫും എത്തിയത്. സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത പ്രതിപക്ഷ നേതാവ് മുസ്ലിങ്ങള്‍ക്ക് ലഭിച്ചിരുന്ന പ്രത്യേക ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്നില്ല എന്നാണ് ആദ്യംനിലപാടെടുത്തത്. പക്ഷേ പിന്നീട് നിലപാട് തിരുത്തി. മുസ്ലീങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നായിരുന്നു ആവശ്യം. മുസ്ലിം ലീഗിന്റെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നിലപാട് മാറ്റിയത്. അതേസമയം ക്രൈസ്തവര്‍ക്ക് പ്രത്യേക പരിഗണന വേണമെന്ന നിലപാട് കേരള കോണ്‍ഗ്രസ് സ്വീകരിച്ചു. യുഡിഎഫിന് അഭിപ്രായങ്ങള്‍ രൂപപ്പെട്ടതോടെ യോജിച്ച നിലപാട് അറിയിക്കാന്‍ കഴിഞ്ഞില്ല. നിയമസഭാ സമ്മേളനത്തിന് മുമ്പായി പ്രത്യേക യോഗം ചേരുന്നതിന് ഇടയാക്കിയത് ഇതാണ്.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തെ ചൊല്ലി കോണ്‍ഗ്രസിനും മുസ്ലിം ലീഗിനും ഇടയിലുണ്ടായിരുന്ന ഭിന്നതയ്ക്കും പരിഹാരമായി. മാധ്യമങ്ങള്‍ തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്നു യോഗത്തിന്റെ തുടക്കത്തില്‍ തന്നെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അറിയിച്ചു. സര്‍ക്കാര്‍ തീരുമാനത്തെ ഭാഗികമായിട്ടാണ് താന്‍ സ്വാഗതം ചെയ്തത്. മുസ്ലിം വിഭാഗത്തിന് പ്രത്യേക പരിഗണന വേണമെന്നാണ് താന്‍ വാദിച്ചത്. പക്ഷെ മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത നല്‍കി.വിശദീകരണതോടെ ലീഗ് നേതാക്കളും തൃപ്തരായി.

ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നം പഠിക്കാന്‍ ജെ ബി കോശി അധ്യക്ഷനായ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ഈ സമിതി റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കും. അങ്ങനെയെങ്കില്‍ മുസ്‌ലിംകള്‍ക്ക് പ്രത്യേക പരിഗണന വേണമെന്ന് വാദിക്കുന്നതില്‍ തെറ്റില്ലെന്നാണ് യുഡിഎഫ് വിലയിരുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *