തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിയായ പതിമൂന്നു വയസുകാരിയെ തിരിച്ചെത്തിക്കാന്‍ ശ്രമം. കഴക്കൂട്ടത്ത് നിന്ന് വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ട്രെയിനില്‍ വിശാഖപട്ടണത്തേക്ക് തിരിച്ചു. കഴക്കൂട്ടം എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരിച്ചിട്ടുള്ളത്. കുട്ടി നിലവില്‍ ആര്‍പിഎഫിന്റെ സംരക്ഷണയിലാണ്. വൈകാതെ ചൈല്‍ഡ്‌ലൈന് കൈമാറുമെന്നാണ് വിവരം. ഇന്നലെ രാത്രി പത്തേകാലിനാണ് മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ താംബരം എക്‌സ്പ്രസില്‍ കുട്ടിയെ കണ്ടെത്തിയത്.

കുട്ടിയെ തിരിച്ചെത്തിച്ച് വൈദ്യപരിശോധന നടത്തിയതിന് ശേഷമായിരിക്കും കുടുംബത്തിന് നല്‍കുക. കുട്ടിയ്ക്ക് കൗണ്‍സലിംഗ് കൊടുക്കും. ട്രെയിനിനുള്ളിലെ ബെര്‍ത്തില്‍ ഉറങ്ങുന്ന നിലയിലായിരുന്നു പെണ്‍കുട്ടി. ട്രെയിനിലുണ്ടായിരുന്ന മലയാളി അസോസിയേഷന്‍ പ്രതിനിധികളാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. രണ്ട് ദിവസമായി ആഹാരം കഴിക്കാത്തതിനാല്‍ കണ്ടെത്തുമ്പോള്‍ ക്ഷീണിതയായിരുന്നു. ഇന്നലെ ട്രെയിനില്‍ കയറിയത് മുതല്‍ വെള്ളം മാത്രമാണ് കുടിച്ചത്. അമ്പത് രൂപയും ഒരു ചെറിയ ബാഗില്‍ വസ്ത്രങ്ങളും കൊണ്ടാണ് കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിപ്പോയത്.

Leave a Reply

Your email address will not be published. Required fields are marked *