റിയാദ്: യുട്യൂബില്‍ സ്വന്തം ചാനല്‍ തുടങ്ങി തരംഗമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. യു.ആര്‍ ക്രിസ്റ്റ്യാനോ എന്ന പേരില്‍ ചാനല്‍ തുടങ്ങി 15 മണിക്കൂറിനകം 13 മില്യണ്‍ പേരാണ് താരത്തെ സബ്സ്‌ക്രൈബ് ചെയ്തത്. ഓരോ മണിക്കൂറിലും ലക്ഷക്കണക്കിന് പേരാണ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ ലോകത്ത് ഏറ്റവും ഫോളോവേഴ്‌സുള്ള താരങ്ങളിലൊരാളാണ് ക്രിസ്റ്റ്യാനോ.

‘ദ വെയ്റ്റ് ഈസ് ഓവര്‍, ഒടുവിലിതാ എന്റെ യുട്യൂബ് ചാനല്‍. പുതിയ യാത്രയില്‍ എന്നോടൊപ്പം ചേരൂ, സബ്സ്‌ക്രൈബ് ചെയ്യൂ’ ചാനലിന് തുടക്കം കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചു. തുടര്‍ന്ന് ആദ്യ അരമണിക്കൂറിനുള്ളില്‍തന്നെ ലക്ഷക്കണക്കിന് പേരാണ് സബ്സ്‌ക്രൈബ് ചെയ്തത്. ഒന്നരമണിക്കൂര്‍ കൊണ്ട് 10 ലക്ഷം സബ്സ്‌ക്രൈബേഴ്സ് പിന്നിട്ട റോണോയെ തേടി യുയുട്യൂബ് ഗോള്‍ഡന്‍ പ്ലേ ബട്ടന്‍ എത്തിയിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ പിന്നിടുമ്പോഴേക്ക് ഒരു കോടി പിന്നിട്ട താരത്തെ തേടി ഡയമണ്ട് പ്ലേ ബട്ടനുമെത്തി. 10 മില്യണ്‍ സബ്സ്‌ക്രൈബേഴ്സ് എത്താന്‍ 132 ദിവസമെടുത്ത മിസ്റ്റര്‍ ബീസ്റ്റിന്റെ റെക്കോര്‍ഡ് തകര്‍ത്താണ് സി.ആര്‍ 7 കുതിച്ചത്.

നിലവില്‍ യുട്യൂബില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന മിസ്റ്റര്‍ ബീസ്റ്റിനെ മറികടക്കാന്‍ ക്രിസ്റ്റ്യാനോ എത്രസമയമെടുക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *