തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണകൊള്ളകേസില്‍ പ്രതിയായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും പത്തനംതിട്ടയില്‍ നിന്നുള്ള മുതിര്‍ന്ന സിപിഎം നേതാവുമായ എ പദ്മകുമാറിന്റെ സസ്‌പെന്‍ഷനില്‍ തുടര്‍ തീരുമാനം കുറ്റപത്രം വന്ന ശേഷമെന്ന നിലപാടില്‍ സിപിഎം. ചെയ്ത കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് നടപടിയുണ്ടാകുമെന്നാണ് വിശദീകരണം. ആത്മകഥാ വെളിപ്പെടുത്തല്‍ നടപടിയെ സ്വാധീനിച്ചിട്ടില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള വിശദീകരണം.
നേരത്തെ കടുത്ത നടപടിയുണ്ടായാല്‍ പാര്‍ട്ടിയിലെ പ്രമുഖരുടെ പങ്കും മറ്റ് രഹസ്യങ്ങളും തുറന്നെഴുതിക്കൊണ്ട് ആത്മകഥ പ്രസിദ്ധീകരിക്കുമെന്ന് പത്മകുമാര്‍ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിരുന്നു. ഈ ഭീഷണി ഫലം കണ്ടെന്നും പുറത്താക്കാനുണ്ടായ തീരുമാനം സസ്‌പെന്‍ഷനില്‍ ഒതുക്കിയതിന് കാരണമിതാണെന്നുമാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ സംസാരം.
