2025 കോഴിക്കോട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ 8-ാം പതിപ്പില്‍, കുട്ടികള്‍ക്ക് കഥകളുടെ മാന്ത്രികലോകം തുറന്ന് പ്രശസ്ത അഭിനേതാക്കളായ നസീറുദ്ധീന്‍ ഷായും രത്ന പഥക് ഷായും രസകരമായ തുടക്കം നല്‍കി. വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന കാണികള്‍ക്കായി ഇരുവരും ചേര്‍ന്ന് കഥപറച്ചിലും കവിതാപാരായണവും നടത്തി.

ജെയിംസ് തര്‍ബറിന്റെ കഥകളും വിക്രം സേതിന്റെ കവിതകളും കുട്ടികള്‍ക്ക് മനോഹരമായ അവതരണത്തിലൂടെ നല്‍കുന്നതോടൊപ്പം ഇരുവരും അവയിലെ ഗുണപാഠങ്ങളെ ഓര്‍മ്മപ്പെടുത്തുകയും ചെയ്തു. കഥകള്‍ ഓരോ മനുഷ്യന്റെയും ജീവിതത്തിലുണ്ടാക്കുന്ന സ്വാധീനത്തെ കുറിച്ച് സംസാരിച്ച അദ്ദേഹം തന്റെ അനുഭവം പങ്കുവെച്ചു. ’14-ാം വയസിലാണ് ആദ്യമായി ഞാന്‍ നാടകത്തില്‍ അഭിനയിക്കുന്നത്. മറ്റെല്ലാ പഠനവിഷയങ്ങളിലും വളരെ പിന്നോട്ടായിരുന്ന ഞാന്‍ നാടകത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ചത് എന്റെ ചുറ്റുമുള്ള മനുഷ്യരില്‍ നിന്ന് ആദ്യമായി ശ്രദ്ധയും അംഗീകാരവും നേടിത്തന്നു. അത് എന്റെ ജീവിതത്തിലെ മറ്റ് മേഖലകളെയും ഗുണകരമാക്കി. അഭിനയം എന്നെ മുഴുവനായി മാറ്റിമറിച്ചു.’ അദ്ദേഹം പറഞ്ഞു.

ഒരു നല്ല കഥ അതിന്റെ ഭാഷയിലൊതുങ്ങുന്നതല്ല. അഭിനയവും ആവിഷ്‌കാരവും അതിന്റെ ആത്മാവാണെന്ന് രത്‌ന പഥക് ഷാ, ഭാഷകള്‍ക്കതീതമായി പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിയുന്ന കഥപറച്ചിലിന്റെ ശക്തിയെപ്പറ്റി അവര്‍ വിശദീകരിച്ചു.

‘മികച്ച കഥപറച്ചിലിനുള്ള കഴിവ് എങ്ങനെ വികസിപ്പിക്കാം?’ എന്ന കാണികളില്‍ നിന്നുള്ള ഒരു കൊച്ചുമിടുക്കന്റെ ചോദ്യത്തിന് ‘നല്ലൊരു കഥ പറയാന്‍, നല്ലൊരു ആസ്വാധകനാവുക’ എന്ന നസീറുദ്ധീന്‍ ഷായുടെ സന്ദേശത്തോടെ സെഷന്‍ അവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *