കോഴിക്കോട്: എം.ടി. വാസുദേവന്‍ നായരുടെ ഓര്‍മ്മകളയും എഴുത്തിനെയും വിലയിരുത്തി കൊണ്ട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ആദ്യ സെഷന്‍ ‘എം.ടി. എന്ന അമ്പത്തൊന്നക്ഷരം’ വാക്ക് വേദിയില്‍ നടന്നു. സെഷനില്‍ പ്രമുഖ സാഹിത്യകാരന്മാരും രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുത്തു. എഴുത്തുകാരന്‍ എന്ന നിലയില്‍ എം.ടിയുടെ പരിണാമങ്ങളെയും അദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകളെയും സെഷന്‍ ചര്‍ച്ച ചെയ്തു.

‘നാലുകെട്ട്’ മുതല്‍ ‘രണ്ടാമൂഴം’ വരെയുള്ള എം.ടിയുടെ സാഹിത്യ യാത്രയിലെ പരിണാമത്തെ കവിയും നിരൂപകനുമായ കെ. സച്ചിദാനന്ദന്‍ വിശദീകരിച്ചു. സ്വയം നിരന്തരം പുതുക്കി എഴുത്തുകാരനാണ് എംടി എന്നും അദ്ദേഹം നിരീക്ഷിച്ചു.

എം.ടിയുമായുള്ള അടുത്ത സൗഹൃദത്തെക്കുറിച്ചാണ് നിരൂപകനായ എം.എം. ബഷീര്‍ സംസാരിച്ചത്. ‘രണ്ടാമൂഴം’ എന്ന നോവല്‍ രചിക്കുന്നതിനിടയില്‍ എം.ടിയുടെ മനസ്സിലുണ്ടായ മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം വിശദമായി സംസാരിച്ചു.

എം.ടിയുടെ കഥാപാത്രങ്ങള്‍ക്കുണ്ടായിരുന്ന യാഥാര്‍ത്ഥ്യബോധത്തെക്കുറിച്ചാണ് കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ് സംസാരിച്ചത്. കഥാപാത്രങ്ങളെ ആകാശത്തുനിന്ന് ഭൂമിയിലേക്ക് കൊണ്ടുവന്ന എഴുത്തുകാരനാണ് അദ്ദേഹം എന്നും എംടിയുടെ കഥകളോട് തനിക്കൊന്നും പ്രണയമായിരുന്നുവെന്നും അവര്‍ പറഞ്ഞു.

എം.ടിയുടെ സാഹിത്യത്തില്‍ സമൂഹത്തെ മുന്നോട്ടു നയിക്കുന്ന രാഷ്ട്രീയം ഒളിഞ്ഞിരിക്കുന്നുവെന്ന് മുന്‍ എം എല്‍ എ എ. പ്രദീപ് കുമാര്‍ ചൂണ്ടിക്കാട്ടി. സെഷന്‍ എം.ടി.യുടെ സാഹിത്യ ജീവിതത്തെ ആദരിക്കുകയും അദ്ദേഹത്തിന്റെ കൃതികളുടെ പ്രസക്തി വിലയിരുത്തുകയും ചെയ്താണ് അവസാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *