കേരളത്തിലെ ജനങ്ങൾക്ക് മികച്ച യാത്ര സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് അമൃത് ഭാരത് എക്സ്പ്രസുകൾ ഉൾപ്പടെയുള്ള നാല് പുതിയ ട്രെയിനുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചത്.
വികസിത കേരളത്തിലൂടെ മാത്രമേ വികസിത ഭാരതം എന്ന സ്വപ്നം പൂർത്തിയാക്കാൻ സാധിക്കുകയുള്ളൂവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
തിരുവനന്തപുരം – താംബരം, തിരുവനന്തപുരം – ചാർലപ്പള്ളി, നാഗർകോവിൽ – മംഗളൂരു അമൃത് ഭാരത് എക്സ്പ്രസുകളും, ഗുരുവായൂർ – തൃശൂർ പാസഞ്ചർ തുടങ്ങിയ നാലു ട്രെയിനുകൾ പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിങ്ങിലൂടെ ഫ്ലാഗ് ഓഫ് ചെയ്തു.
അതേസമയം പാപ്പനംകോട് സിഎസ്ഐആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (NIIST) ക്യാംപസിലെ ഇന്നവേഷൻ ടെക്നോളജി ആൻഡ് ഓൺട്രപ്രേണർഷിപ്പ് ഹബ്ബിന്റെയും, ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയുടെ റേഡിയോ സർജറി സെന്ററിന്റെയും, പൂജപ്പുര ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടത്തിന്റെയും തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു.
പി.എം. സ്വനിധിയുടെ ക്രെഡിറ്റ് കാർഡും, ഒരു ലക്ഷം ഗുണഭോക്താക്കൾക്കുള്ള വായ്പ വിതരണ പദ്ധതിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. നഗരങ്ങളിലെ സാധാരണക്കാരുടെ ഉന്നമനത്തിനായി പ്രധാനമന്ത്രി ആവാസ് യോജന വഴി രാജ്യത്ത് നാലു കോടി വീടുകൾ നിർമ്മിച്ചു നൽകി. ഇതിൽ ഒരു കോടിയിലധികം വീടുകൾ ലഭിച്ചത് നഗരപ്രദേശത്തെ ജനങ്ങൾക്കാണ്. ഈ പദ്ധതിയിലൂടെ കേരളത്തിൽ 2.5 ലക്ഷം നഗരവാസികൾക്ക് സുരക്ഷിതമായ വീടുകൾ ലഭിച്ചിട്ടുണ്ട്.
കൂടാതെ, സൗജന്യ വൈദ്യുതിക്കായി പി.എം സൂര്യഘർയോജനയും, പാവപ്പെട്ടവർക്ക് 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സയും ഉറപ്പാക്കുന്നുണ്ട്. 12 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവരെ ആദായ നികുതിയിൽ നിന്നും ഒഴിവാക്കിയത് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. വഴിയോര കച്ചവടക്കാർക്കായി ആവിഷ്കരിച്ച പ്രധാനമന്ത്രി സ്വനിധി പദ്ധതിയിലൂടെ ലക്ഷക്കണക്കിന് ആളുകൾക്ക് ബാങ്ക് വായ്പ സാധ്യമാക്കി.
കച്ചവടക്കാർക്ക് ക്രെഡിറ്റ് കാർഡുകൾ നൽകുന്ന പദ്ധതിക്കും തുടക്കമായി. സമ്പന്നരുടെ കൈകളിൽ മാത്രം ഉണ്ടായിരുന്ന ക്രെഡിറ്റ് കാർഡ് ഇപ്പോൾ സാധാരണക്കാരായ വഴിയോര കച്ചവടക്കാർക്കും ലഭ്യമായിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം കേരളത്തിന് പുതിയ വൻകിട പദ്ധതി പ്രഖ്യാപിക്കുമെന്നും തിരുവന്തപുരം നഗരസഭയുടെ മുഖച്ഛായ മാറ്റുന്ന പ്രഖ്യാപനങ്ങൾക്ക് സാധ്യതയുണ്ട് എന്നായിരുന്നു പ്രചാരണം.എന്നാൽ അത്തരത്തിലുള്ള പ്രഖ്യാപനങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല എന്നതാണ് വിവരം.
