നടി കങ്കണ റണൗത്ത് അവതാരകയായെത്തുന്ന പുതിയ റിയാലിറ്റി ഷോയാണ് എംഎക്‌സ് പ്ലെയറിയും എഎല്‍ടി ബാലാജിയും സ്ട്രീം ചെയ്യുന്ന ലോക്ക് അപ്പ്. രാജ്യത്തെ വിവിധ മേഖലകളിലെ വിവാദ താരങ്ങളാണ് ഷോയിൽ മത്സരാര്‍ത്ഥികളായെത്തുന്നത് ഫെബ്രുവരി 27 മുതലാണ് ഷോ പ്രേക്ഷകരിലേക്കെത്തുക.
കഴിഞ്ഞ ദിവസങ്ങളിലായി ഷോയില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികളുടെ പേരുകളോരോന്നായി പുറത്തു വിടുകയാണ്. ആദ്യം പുറത്തു വന്നത് മോഡല്‍ നിഷ റവല്‍, അടുത്തിടെ വിവാദത്തിലായ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ മുനവര്‍ ഫറൂഖി എന്നിവരുടെ പേരുകളാണ് ഇപ്പോഴിതാ ഷോയില്‍ പങ്കെടുക്കുന്ന അടുത്ത മത്സരാര്‍ത്ഥിയുടെ പേരും പുറത്തു വന്നിരിക്കുന്നു. നടിയും മോഡലുമായ പൂനം പാണ്ഡെയാണ് ലോക്ക് അപ്പിലെ അടുത്ത മത്സരാര്‍ത്ഥി.
പൂനം പാണ്ഡെ തന്നെ ഷോയുടെ ടീസര്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഞാന്‍ ഹോട്ട് ആയതിനാല്‍ എന്നെ ലോക്ക് അപ്പിലിട്ടു എന്നാണ് പൂനം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. പൂനത്തിന്റെ വരവോടെ ഷോയെക്കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച സജീവമായിട്ടുണ്ട്. താന്‍ വളരെയധികം ആകാംക്ഷാ ഭരിതയാണെന്നാണ് ഷോയെക്കുറിച്ച് പൂനം പറയുന്നത്.
‘ഇന്ത്യയിലെ ഏറ്റവും വലിയ വിവാദ ഷോ ലോക്ക് അപ്പിന്റെ ഭാഗമാണ് ഞാനെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ട്. അവിടെ എന്ത് സംഭവിക്കുമെന്ന് അറിയില്ല. എന്റെ പ്രാഥമിക ആവശ്യങ്ങൾ പോലും നടക്കണമെങ്കിൽ ഞാൻ അവിടെ ഒരു ടാസ്ക് ചെയ്യേണ്ടി വരും. ഈ ലോക്ക് അപ്പിൽ ആഡംബരമില്ല. ഞാൻ ഒരേസമയം ആവേശത്തിലും പരിഭ്രാന്തിയിലുമാണ്,’ പൂനം പറഞ്ഞു.
പ്രേക്ഷകരുമായി മത്സരാര്‍ത്ഥികള്‍ നേരിട്ടിടപെടും. മത്സരാര്‍ത്ഥികളെ ശിക്ഷിക്കാനും പുരസ്‌കാരം നല്‍കാനും പ്രേക്ഷകര്‍ക്ക് അധികാരമുണ്ടാവും. കങ്കണ റണൗത്ത് ആദ്യമായാണ് ഒരു റിയാലിറ്റി ഷോ അവതാരകയായെത്തുന്നെന്ന പ്രത്യേകതയും ലോക്ക് അപ്പിനുണ്ട്