കൊയിലാണ്ടി ചെറിയപ്പുറം പരദേവതാ ക്ഷേത്രമുറ്റത്ത് കൊല്ലപ്പെട്ട സിപിഎം ലോക്കല്‍ സെക്രട്ടറി പി വി സത്യനാഥന്റെ ശരീരത്തില്‍ ആഴത്തിലുള്ള ആറ് മുറിവുകളെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. കൊലപാതകത്തിന് കാരണം സത്യനാഥനും പ്രതി അഭിലാഷും തമ്മിലുള്ള വ്യക്തിവിരോധമെന്നാണ് പൊലീസ് നിഗമനം. കസ്റ്റഡിയിലുള്ള സിപിഎം മുന്‍ ബ്രാഞ്ച് കമ്മിറ്റി അംഗം അഭിലാഷിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. ക്ഷേത്രോത്സവത്തോട് അനുബന്ധിച്ചുള്ള ഗാനമേള നടക്കുന്നതിനിടെയായിരുന്നു സംഭവം. ഉത്സവത്തിനെത്തിയ ഭക്തജനങ്ങളും ഗാനമേള കേള്‍ക്കാന്‍ എത്തിയ നാട്ടുകാരും അടക്കം നൂറുകണക്കിന് ആളുകള്‍ ക്ഷേത്ര പരിസരത്ത് തിങ്ങിനിറഞ്ഞു നില്‍ക്കവെയായിരുന്നു ക്ഷേത്ര ഓഫീസിന് മുന്നില്‍ സിസിടിവി ക്യാമറകള്‍ക്ക് തൊട്ടു താഴെ വച്ചുള്ള കൊലപാതകം. അയല്‍വാസിയും സത്യനാഥനൊപ്പം സിപിഎം ബ്രാഞ്ച് കമ്മിറ്റിയില്‍ നേരത്തെ പ്രവര്‍ത്തിച്ചിട്ടുമുള്ള അഭിലാഷാണ് ആക്രമണം നടത്തിയത്.