കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനും നടനുമായ ആര്‍എല്‍വി രാമകൃഷ്ണന് താരസംഘടനയായ അമ്മ പിന്തുണ നല്‍കാത്തതില്‍ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. പൊതുസമൂഹം മുഴുവന്‍ പിന്തുണ പ്രഖ്യാപിച്ചിട്ടും അമ്മ സംഘടനയുടെ ഭാഗത്തുനിന്ന് ഒരു പിന്തുണയും കണ്ടില്ല. പീഡനകേസില്‍ പ്രതികളായവരെ സംരക്ഷിക്കാനുള്ള ജാഗ്രതപോലും ഈ വിഷയത്തില്‍ മഷിയിട്ട് നോക്കിയിട്ടും കാണാനില്ല എന്നാണ് ഹരീഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ചുരുങ്ങിയ പക്ഷം രാമകൃഷ്ണനുവേണ്ടി ഒരു വലിയ വേദിയെങ്കിലും ഒരുക്കൂ എന്നും ഹരീഷ് പേരടി കുറിച്ചു

ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം

വംശീയവെറിയും ജാതിവെറിയും നേരിട്ട കുറച്ച് സിനിമകളിലും അഭിനയിച്ച ഡോ.രാമകൃഷ്ണന്‍ എന്ന കലാകാരന് പൊതുസമൂഹം മുഴുവന്‍ പിന്തുണ പ്രഖ്യാപിച്ചിട്ടും A.M.M.A എന്ന സിനിമാ അഭിനയ കലാകാരന്‍മാരുടെ സംഘടനയുടെ ഭാഗത്ത് നിന്ന് ഒരു പിന്തുണയും നേരത്തോട് നേരമായിട്ടും കണ്ടില്ല …പീഡനകേസില്‍ പ്രതികളായവരെ സംരക്ഷിക്കാനുള്ള ജാഗ്രതപോലും ഈ വിഷയത്തില്‍ മഷിയിട്ട് നോക്കിയിട്ടും കാണാനില്ല..നിങ്ങളൊക്കെ നല്ല നടി നടന്‍മാരാണ് എന്നാലും ഇങ്ങിനെയൊന്നും അഭിനയിക്കരുത്…ചുരുങ്ങിയ പക്ഷം രാമകൃഷ്ണനുവേണ്ടി ഒരു വലിയ വേദിയെങ്കിലും ഒരുക്കൂ…അയാള്‍ ആനന്ദനൃത്തമാടട്ടെ…മെമ്പറല്ലാത്ത ഷാറുഖാന് നിങ്ങളുടെ വേദിയില്‍ നൃത്തമാടാമെങ്കില്‍ പിന്നെ രാമകൃഷ്ണന് എന്തിനാണ് അയിത്തം…മണിയുടെ ആത്മാവെങ്കിലും സന്തോഷിക്കട്ടെ…എന്താണ് അമ്മേ ഇങ്ങള് നന്നാവാത്തത് ?…

Leave a Reply

Your email address will not be published. Required fields are marked *