കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ നിതിൻ രാജിൻ്റെ മരണത്തിൽ പ്രതികളായ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. നിതിൻ രാജിൻ്റെ പിതാവിൻ്റെ വാദം കൂടി കേട്ടതിന് ശേഷം തലശ്ശേരി അഡീഷണൽ ജില്ല സെഷൻസ് കോടതി വിധി പറയും. കേസിലെ ഒന്നും രണ്ടും പ്രതികളായ ഡോ. എം കെ റാം, സംഗീത നമ്പ്യാർ എന്നിവരാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
ആത്മഹത്യാ പ്രേരണാ കുറ്റത്തിന് പുറമെ പട്ടികജാതി പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വരും വരെ അറസ്റ്റ് തടയണമെന്ന ഡോ. റാമിൻ്റെ അപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു.
ഇന്നലെയായിരുന്നു പ്രതികളായ ടീച്ചർമാരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കേണ്ടിയിരുന്നത്. എന്നാൽ നിതിൻ രാജിൻ്റെ പിതാവിൻ്റെ വാദം കൂടി കേള്‍ക്കേണ്ടതിനാൽ മാറ്റിവയ്ക്കുകയായിരുന്നു. പ്രോസിക്യൂഷൻ നിർദേശപ്രകാരം കോടതിയിൽ ഹാജരായ നിതിന്റെ പിതാവ് പ്രതികളുടെ ജാമ്യാപേക്ഷയുടെ പകർപ്പ് ആവശ്യപ്പെട്ടിരുന്നു.
