ഡൽഹിയിൽ ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 19-കാരനായ മുൻ ജോലിക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ആൽവാർ സ്വദേശിയായ രാഹുലാണ് പിടിയിലായത്. ദ്വാരകയിലെ ഒരു ഹോട്ടലിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പോലീസ് കണ്ടെത്തിയത്.
കഴിഞ്ഞ ദിവസമാണ് ഉദ്യോഗസ്ഥന്റെ 22-കാരിയായ മകളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഐഐടി ബിരുദധാരിയും നർത്തകിയുമായ യുവതി യുപിഎസ്‌സി പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു. സംഭവസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. കൈവശമുണ്ടായിരുന്ന ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് അകത്തുകടന്ന പ്രതി, യുവതിയെ പീഡിപ്പിച്ച ശേഷം മൊബൈൽ ചാർജർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. വീട്ടിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ കവർന്ന ശേഷമാണ് ഇയാൾ കടന്നുകളഞ്ഞത്.
ഓൺലൈൻ ഗെയിമുകൾക്ക് അടിമയായിരുന്ന രാഹുൽ സഹപ്രവർത്തകരിൽ നിന്നും നാട്ടുകാരിൽ നിന്നും വൻതോതിൽ പണം കടം വാങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പരാതികളെ തുടർന്ന് ഒരു മാസം മുൻപാണ് ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്.
ബലപ്രയോഗത്തിലൂടെ ആരും വീടിനുള്ളിൽ കടന്ന ലക്ഷണങ്ങൾ ഇല്ലാതിരുന്നത് പോലീസിനെ ആദ്യം കുഴപ്പിച്ചിരുന്നു. തുടർന്ന് പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് രാഹുൽ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്നത് ശ്രദ്ധയിൽപ്പെട്ടത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഡൽഹിയിലേക്ക് വരുന്നതിന് തൊട്ടുമുൻപ് ആൽവാറിലും ഇയാൾ സമാനമായ രീതിയിൽ ഒരു യുവതിയെ പീഡിപ്പിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിക്കെതിരെ ബലാത്സംഗം, കൊലപാതകം, കവർച്ച എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തു.
