ന്യൂ ഡൽഹി: മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് ഡൽഹിയിൽ വെച്ച് എഐസിസി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. മല്ലികാർജ്ജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവരുമായാണ് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്. കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി പാർട്ടിയിൽ ഗ്രൂപ്പ് വടംവലികൾ തുടരുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഈ ഡൽഹി സന്ദർശനം എന്നത് ഏറെ ശ്രദ്ധേയമാണ്.

ഇതിനിടെ ഡിസിസി, കെപിസിസി നേതൃസ്ഥാനങ്ങളിൽ പിടിമുറുക്കാനുള്ള ശ്രമങ്ങളുമായി കെ.സി. വേണുഗോപാൽ വിഭാഗവും രംഗത്തുണ്ട്. പുതിയ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ജോസഫ് വാഴക്കൻ, മാത്യു കുഴൽനാടൻ, അടൂർ പ്രകാശ് എന്നിവരുടെ പേരുകളാണ് നിലവിൽ ഉയർന്നു കേൾക്കുന്നത്. ഇതിന് പുറമെ ഡിസിസി അധ്യക്ഷന്മാർക്ക് പകരം പുതിയ ആളുകളെ നിയമിക്കുന്ന കാര്യവും നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്.

മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി ഡൽഹിയിലെത്തിയ വി.ഡി. സതീശന് കേരള ഹൗസിൽ വൻ സ്വീകരണമാണ് ലഭിച്ചത്. വിദ്യാർത്ഥികളും കേരള ഹൗസ് എൻജിഒ അസോസിയേഷൻ പ്രവർത്തകരും ഉൾപ്പെടെ വലിയൊരു ജനാവലി മുദ്രാവാക്യങ്ങൾ മുഴക്കിയും പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് അദ്ദേഹത്തെ വരവേറ്റത്. കേരളത്തിൽ സുരക്ഷയും അകമ്പടി വാഹനങ്ങളും മുഖ്യമന്ത്രി പരമാവധി ചുരുക്കിയിരുന്നെങ്കിലും, ഡൽഹിയിൽ ഡൽഹി പോലീസിന്റെയും കേരള പോലീസിന്റെയും കനത്ത സുരക്ഷാവലയം അദ്ദേഹത്തിന് ഉണ്ടായിരുന്നു. മുഖ്യമന്ത്രിയോടൊപ്പം ഇരച്ചുകയറിയ പ്രവർത്തകർ അദ്ദേഹത്തോടൊപ്പം ഫോട്ടോയെടുത്തതിന് ശേഷമാണ് മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *