ലൈഫ് മിഷൻ പദ്ധതി നിർത്തലാക്കുന്നത് പാവപ്പെട്ടവരോടുള്ള അങ്ങേയറ്റത്തെ ക്രൂരതയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ലൈഫ് പദ്ധതി തുടരണം. 5 ലക്ഷത്തിലേറെ ആളുകൾക്ക് കിടപ്പാടം യാഥാർഥ്യമായി. പദ്ധതി നിർത്തലാക്കേണ്ടത് ഇല്ലെന്ന് സർക്കാർ തീരുമാനിച്ചാൽ അത് സ്വാഗതം ചെയ്യുന്നു. തിരഞ്ഞെടുപ്പിലെ തോൽവി, ജനങ്ങളോട് വിശദീകരിക്കാൻ ഉള്ളത് ജൂൺ 8ന് പറയുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

ലൈഫ് മിഷന്‍ പദ്ധതി പിരിച്ചുവിടുമെന്ന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു. അഞ്ച് ലക്ഷത്തിലേറെ വീടുകള്‍ യഥാര്‍ത്ഥ്യമാക്കിയ മാതൃകാ പദ്ധതിയാണ് ലൈഫ് മിഷന്‍. ഒരു ലക്ഷത്തിലേറെ വീടുകള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടത്തിലാണ്. ഇതോടൊപ്പം മുന്‍ഗണന ക്രമത്തില്‍ അടുത്ത ഘട്ടത്തില്‍ വീട് ലഭിക്കാനായി കാത്തിരിക്കുന്ന രണ്ട് ലക്ഷത്തിലധികം ഭൂമിയുള്ള കുടുംബങ്ങളുണ്ട്.

ഇവര്‍ക്ക് പുറമെ ഭൂമിയില്ലാത്ത കുടുംബങ്ങളുമുണ്ട്. ഇവരുടെ പ്രതീക്ഷകളെയാകെ തച്ചുതകര്‍ക്കുന്ന നടപടിയാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. രാഷ്ട്രീയ പ്രേരിതവും, ജനവിരുദ്ധവുമായ ഈ നടപടിയില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭം കേരളത്തില്‍ ഉയര്‍ന്നുവരുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അതേസമയം ലൈഫ് മിഷൻ ഭവന പദ്ദതി പൊളിക്കുമെന്ന പ്രചാരണം തെറ്റാണെന്നും അത്തരം ആലോചന പോലും ഇല്ലെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി വ്യക്തമാക്കി. ലൈഫ് മിഷൻ പദ്ധതി പൊളിച്ചെഴുതുന്നു എന്ന വാർത്ത അടിസ്ഥാന രഹിതമാണ്. അത്തരത്തിൽ ഒരു ആലോചനയും നടന്നിട്ടില്ല. വിഷയത്തിൽ വിശദമായ പഠനം നടത്തേണ്ടതുണ്ടെന്നും മന്ത്രി മാധ്യമപ്രവ‍ർത്തകരോട് പ്രതികരിച്ചു. സംസ്ഥാനത്തെ തെരുവ് നായ ശല്യത്തിന് പരിഹാരം ഉണ്ടാക്കുമെന്നും സുപ്രീം കോടതി വിധിയെ അടിസ്ഥാനപ്പെടുത്തിയുള്ള നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *