നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ മരവിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് രണ്ട് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. അഞ്ചാംപ്രതി സലീം, ആറാം പ്രതി പ്രദീപ്, എന്നിവരുടെ ഹര്‍ജിയാണ് കോടതി തള്ളിയത്. സെഷന്‍സ് കോടതി വിധിച്ച 20 വര്‍ഷം കഠിനതടവ് ശിക്ഷാവിധി മരവിപ്പിക്കണം എന്നായിരുന്നു പ്രതികളുടെ ഹര്‍ജിയിലെ ആവശ്യം. സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച ആസൂത്രിത കുറ്റകൃത്യത്തില്‍ ശിക്ഷ മരവിപ്പിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് കോടതി വിലയിരുത്തി.
വിചാരണക്കോടതിയുടെ വിധിയില്‍ എന്തെങ്കിലും അപാകത ചൂണ്ടിക്കാണിക്കാന്‍ പ്രതികള്‍ക്ക് കഴിഞ്ഞില്ലെന്നും ജസ്റ്റിസ് രാജാവിജയരാഘവന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ഇതേ ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു. ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതികളുടെ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
കുറ്റകൃത്യം സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും ശിക്ഷ മരവിപ്പിക്കുന്നത് സ്ത്രീയുടെ അന്തസ്സിനെയും സുരക്ഷിതത്വത്തെയും ബാധിക്കുമെന്നും വിലയിരുത്തിയായിരുന്നു പള്‍സര്‍ സുനിയുടെ ഹര്‍ജി തള്ളിയത്.
