റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ വിളിച്ചുണര്‍ത്തി ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന് ഭര്‍ത്താവ് മക്കളുമായി കടന്നു. മഹാരാഷ്ട്രയിലാണ് ഞെട്ടിക്കുന്ന സംഭവം. പല്ഘര്‍ ജില്ലയിലെ വാസൈ റോഡ് റെയില്‍വേ സ്റ്റേഷനില്‍ നടന്ന കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ദമ്പതികള്‍ തമ്മില്‍ റെയില്‍വേസ്റ്റേഷനില്‍ വെച്ച് തര്‍ക്കമുണ്ടായിരുന്നതായും പിന്നീട് യുവതി കുട്ടികള്‍ക്കൊപ്പം കിടന്ന് ഉറങ്ങുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. അവധ് എക്സ്പ്രസ് ട്രെയിന്‍ വരുന്നതുകണ്ട് പ്ലാറ്റ്‌ഫോം ബെഞ്ചില്‍ ഉറങ്ങിക്കിടന്ന യുവതിയെ ഭര്‍ത്താവ് ഉണര്‍ത്തുന്നത് ദൃശ്യങ്ങളില്‍ കാണാം. കുറച്ചുസമയം സംസാരിച്ചുനിന്ന ഭര്‍ത്താവ് ട്രെയിന്‍ അടുക്കുമ്പോള്‍ ഭാര്യയെ വലിച്ചിഴച്ച് ട്രാക്കിലേക്ക് തള്ളിയിടുകയായിരുന്നു. ശേഷം മറ്റൊരു ബെഞ്ചില്‍ ഉറങ്ങിക്കിടന്ന 2 കുട്ടികളെയും കൊണ്ട് വേഗത്തില്‍ അവിടെനിന്ന് പോകുന്നതും വിഡിയോയിലുണ്ട്.

ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് വിവരം. ഇയാള്‍ പിന്നീട് ദാദറിലേക്കും അവിടെനിന്നും കല്യാണിലേക്കും ട്രെയിന്‍ മാര്‍ഗം കടന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ താനെയിലെ ബിവന്ദി പട്ടണത്തില്‍ നിന്നും അറസ്റ്റിലായി.

Leave a Reply

Your email address will not be published. Required fields are marked *