ആലപ്പുഴയില്‍ അംഗപരിമിതനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. ആലപ്പുഴ എഴുപുന്ന സ്വദേശിയും ഓട്ടോ ഡ്രൈവറായ ജസ്റ്റിനെയാണ് പോലീസ് മര്‍ദനത്തിനിരയാക്കിയതെന്നാണ് പരാതി. കുനിച്ചുനിര്‍ത്തി നട്ടെല്ലില്‍ ചുറ്റിക ഉപയോഗിച്ച് ഇടിച്ചുവെന്നാണ് ജസ്റ്റിന്‍ പറയുന്നത്. കുത്തയതോട് പൊലീസ് സ്റ്റേഷനിലുണ്ടായ രണ്ട് പൊലീസുകാരാണ് തന്നെ ആക്രമിച്ചതെന്നും ജസ്റ്റിന്‍ പറഞ്ഞു.

മുഖത്തടിച്ചത് എന്തിനാണെന്ന് ചോദിച്ചപ്പോഴാണ് ചുറ്റിക കൊണ്ട് ആക്രമിച്ചത്. കുറെ കഴിഞ്ഞ് എനിക്ക് വയ്യാതെ ആയപ്പോള്‍ ആംബുലന്‍സ് വിളിച്ച് വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെ ആംബുലന്‍സില്‍ വെച്ച് ഭീഷണിപ്പെടുത്തുകയുമുണ്ടായി. ഞങ്ങള്‍ ഇടിച്ചതാണെന്ന് ഡോക്ടറോട് പറഞ്ഞാല്‍ നിന്റെ വീട്ടില്‍ കയറി ഇറങ്ങും. ഓട്ടോയില്‍ കഞ്ചാവോ മറ്റോ വെച്ച് പിടികൂടി ഒരിക്കലും രക്ഷപ്പെടാന്‍ പറ്റാത്ത നിലയിലാക്കി കളയുമെന്നും പറഞ്ഞു. ആശുപത്രിയിലെത്തി എക്സ്റേ എടുത്തപ്പോള്‍ വാരിയെല്ലിന് പൊട്ടലുണ്ടെന്ന് പറഞ്ഞു’ ജസ്റ്റിന്‍ പ്രതികരിച്ചു. ജസ്റ്റിന്‍ നിലവില്‍ വണ്ടാനം മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.

പൊലീസ് ഭീഷണിപ്പെടുത്തിയതായി ജസ്റ്റിന്റെ ഭാര്യ മഞ്ജുവും പറഞ്ഞു. അതേ സമയം ജസ്റ്റിനെ മര്‍ദിച്ചിട്ടില്ലെന്നാണ് പോലീസിന്റെ പ്രതികരണം. ഇയാളില്‍ നിന്ന് കഞ്ചാവ് പിടികൂടിയെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്. വൈകിട്ട് സ്റ്റഷന്‍ ജാമ്യത്തില്‍ വിട്ടയച്ചെന്നും മര്‍ദ്ദിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ഒരു കാല് മുറിച്ചുമാറ്റിയ ജസ്റ്റിന്‍ കൃത്രിമ കാലിലാണ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *