ഷിരൂരിൽ ഗംഗാവലി പുഴയിൽ നിന്ന് ഇന്നലെ കണ്ടെത്തിയ അസ്ഥിയുടെ പരിശോധനാ ഫലം വന്നു. അസ്ഥി മനുഷ്യൻ്റേതല്ല, പശുവിൻ്റേതെന്നാണ് മംഗളുരുവിലെ എഫ്എസ്എൽ ലാബ് സ്ഥിരീകരിച്ചെന്ന് ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ അറിയിച്ചു. അസ്ഥി മനുഷ്യൻ്റേതെന്ന നിലയിൽ നടക്കുന്ന പ്രചാരണം തെറ്റെന്നും കളക്ടർ വ്യക്തമാക്കി.അർജുൻ അടക്കം മൂന്ന് പേർക്കായി ഷിരൂരിലെ മണ്ണിടിച്ചിൽ മേഖലയിൽ നടക്കുന്ന തെരച്ചിലിനിടെയാണ് ഇന്നലെ അസ്ഥി കണ്ടെത്തിയത്. ഗംഗാവലി പുഴയോരത്ത് നിന്നാണ് രാത്രിയോടെ അസ്ഥി കണ്ടെത്തിയത്. മനുഷ്യന്‍റെ അസ്ഥിയാണെന്ന് സംശയം ഉയർന്നെങ്കിലും വിശദമായ പരിശോധനക്കായി ഫോറൻസിക് ലാബിലേക്ക് പൊലീസ് കൊണ്ടുപോയിരുന്നു. ഗംഗാവലി പുഴയിൽ നടത്തിയ തെരച്ചിലിൽ ഇന്ന് ലോറിയുടെ ഭാഗം കണ്ടെത്തി. ലോറിയുടെ പിൻഭാഗത്തെ ടയറുകൾ ആണ് കണ്ടെത്തിയത്. നാവികസേന മാർക്ക് ചെയ്ത സ്ഥലത്ത് നിന്നാണ് 4 ടയറുകളോട് കൂടിയ ലോറിയുടെ പിൻഭാഗം കണ്ടെത്തിയത്. അതേസമയം ഇത് അര്‍ജുന്‍ സഞ്ചരിച്ച ലോറിയുടേതല്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് ആര്‍സി ഓണര്‍ മുബീന്‍ പറഞ്ഞു. വാഹന ഭാഗത്തിൽ ചുവപ്പ് കാണുന്നുണ്ട്. തങ്ങളുടെ ലോറിയില്‍ ചുവപ്പ് നിറം ഇല്ലായെന്നാണ് മുബീന്‍റെ വിശദീകരണം. ഇവ ഗ്യാസ് ടാങ്കർ ലോറിയുടേതാണോയെന്ന സംശയവും ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *