ആലപ്പുഴ: കായംകുളം കറ്റാനം സെന്റ് സ്റ്റീഫന്‍സ് എല്‍പി സ്കൂള്‍ അടച്ചുപൂട്ടാനുള്ള നീക്കവുമായി മാനേജ്മെന്റ്. ഫിറ്റ്നസ് ലഭിക്കാത്തതിന്റെ പേരില്‍ ഒന്നും മൂന്നും ക്ലാസുകള്‍ നിര്‍ത്തിയതോടെ 20 ദിവസമായി കുട്ടികളുടെ അധ്യയനം മുടങ്ങി. അവശേഷിക്കുന്ന ക്ലാസുകളും ഉടന്‍ പൂട്ടുമെന്നും കുട്ടികളെ മറ്റ് സ്കൂളുകളിലേക്ക് മാറ്റാനും മാനേജ്മെന്റ് നിര്‍ദേശം നല്‍കിയതോടെ രക്ഷിതാക്കള്‍ പ്രതിസന്ധിയിലായി. വിദ്യാഭ്യാസ വകുപ്പും വിഷയത്തില്‍ ഇടപെടുന്നില്ലെന്നാണ് പരാതി.
1916 മുതല്‍ കായംകുളത്ത് പ്രവര്‍ത്തിക്കുന്നതാണ് സെന്റ് സ്റ്റീഫന്‍സ് എല്‍പി സ്കൂള്‍. 2009ല്‍ കറ്റാനം വലിയപള്ളി മാനേജ്മെന്റ് സ്കൂള്‍ ഏറ്റെടുത്തു. സമീപ വര്‍ഷങ്ങളിലാണ് സ്കൂളിന്റെ പ്രവര്‍ത്തനം താറുമാറായത്. കെട്ടിടങ്ങളുടെ ഫിറ്റ്നസ് നഷ്ടമായതോടെ രണ്ട് അധ്യാപകരുടെ ജോലി പോയി. പഠിപ്പിക്കാന്‍ ആളില്ലാതെ 41 കുട്ടികള്‍ വീട്ടിലിരുപ്പായി.
അധ്യനം വര്‍ഷം തുടങ്ങുന്നതിന് മുമ്പ് കെട്ടിടങ്ങളുടെ അറ്റകുറ്റ പണികള്‍ പൂര്‍ത്തീകരിച്ച് ഫിറ്റന്സ് പുതുക്കണമെന്ന നിര്‍ദേശം മാനേജ്മെന്റ് പാലിച്ചില്ല. ക്ലാസുകള്‍ മുടങ്ങിയതോടെ കുട്ടികളുമായി രക്ഷിതാക്കള്‍ സ്കൂളിനു മുന്നില്‍ സമരത്തിലാണ്. ടിസി വാങ്ങി പൊയ്ക്കോളാന്‍ നിര്‍ദേശം നല്കി മാനേജ്മെന്റ് കൈയൊഴിഞ്ഞു.
പള്ളിവക താല്‍ക്കാലിക കെട്ടിടത്തിലാണ് രണ്ടും നാലും ക്ലാസുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നത്. സ്വന്തമായി കെട്ടിടമില്ലാതായതോടെ ഭക്ഷണശാലക്കുള്ള അനുമതിയും നഷ്ടമായി. അധ്യാപകര്‍ സ്വന്തം പണം ചെലവാക്കിയാണ് കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നത്.
കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്ന ഭൂമി തണ്ണീര്‍ത്തട നിയമപ്രകാരം ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതാണെന്നും, നിര്‍മ്മാണം നിയമപരമായി നടക്കില്ലെന്നുമാണ് പ്രതിസന്ധിയുടെ കാരണമായി മാനേജ്മെന്റ് പറയുന്നത്. എന്നാല്‍ 110 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്കൂളി്നറെ ഭൂമി എങ്ങനെ ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെടുമെന്ന ചോദ്യം അവശേഷിക്കുന്നു. കുട്ടികളുടെ ഭാവി അവതാളത്തിലായതോടെ വിദ്യാഭ്യാസ മന്ത്രിക്കും സ്ഥലംഎംഎല്‍എ കൂടിയായ മന്ത്രി എം ലിജുവിനും പരാതി നല്‍കിയിട്ടും യാതൊരു ഇടപെടലുമില്ലെന്ന് രക്ഷിതാക്കള്‍ പറയുന്നു.
