തിരുവനന്തപുരം: മാസപ്പടി കേസിലെ ഇഡി കത്തിന്മേൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനും വീണ ടി ക്കുമെതിരായ ഇഡി റിപ്പോർട്ടിലെ ഫയൽ കൈമാറി. ആഭ്യന്തര സെക്രട്ടറി ഫയൽ പൊലീസ് മേധാവിക്ക് അയച്ചു. അന്വേഷണ സംഘത്തെ തീരുമാനിച്ച് പൊലീസ് മേധാവി ഉത്തരവിറക്കും.
സർക്കാർ തീരുമാനം കത്തായി ഇന്നായിരിക്കും ഡിജിപിക്ക് കൈമാറുക. ഇതിന് ശേഷം എസ്ഐടി രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കും. എസ്ഐടി സംഘം ഇഡി ഉദ്യോഗസ്ഥരുമായി ആദ്യം കൂടിക്കാഴ്ച നടത്തും. ഇഡി കണ്ടെത്തലുകളിൽ നിന്നാകും അന്വേഷണം തുടങ്ങുക. ഹവാല ഇടപാടിൽ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം. 30 ദിവസത്തിനകം പ്രാഥമിക അന്വേഷണം പൂർത്തിയാക്കും.
ഇഡി കത്ത് നൽകി 15 ദിവസത്തിന് ശേഷമാണ് നിർണ്ണായക നടപടിയിലേക്ക് സർക്കാർ നീങ്ങിയത്. പിണറായിക്കെതിരെ അഴിമതി തടയൽ നിയമപ്രകാരം കേസെടുക്കാമെന്നായിരുന്നു നിയമോപദേശമെങ്കിലും അന്വേഷണത്തിന് ശേഷം കേസ് രജിസ്റ്റർ ചെയ്യാനാണ് സർക്കാർ തീരുമാനം. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കൂടിക്കാഴ്ച നടത്തിയാണ് നയപരമായ തീരുമാനമെടുത്തത്. ഡിജിപി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ രമേശ് ചെന്നിത്തല ഇന്നലെ വിളിച്ചുവരുത്തി കണ്ടിരുന്നു.
