പ്രവാസികള്‍ക്ക് 30 ലക്ഷം വരെ വായ്പ

നോര്‍ക്ക പ്രവാസി സംരംഭകത്വ സഹായ പദ്ധതിയായ നോര്‍ക്ക പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്‌സ് (എന്‍.ഡി.പി.ആര്‍.എം) വഴി 30 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 15 ശതമാനം മൂലധന സബ്‌സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ) മൂന്നു ശതമാനം പലിശ സബ്‌സിഡിയും നല്‍കുന്ന പദ്ധതി വഴി നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെ 520 പ്രവാസികള്‍ നാട്ടില്‍ വിവിധ സംരംഭങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. ആകെ 10 കോടി രൂപ ഈ സംരംഭങ്ങള്‍ക്ക് സബ്സിഡി ഇനത്തില്‍ അനുവദിച്ചു. രണ്ടു വര്‍ഷത്തിലധികം വിദേശത്ത് ജോലി ചെയ്ത ശേഷം മടങ്ങിയെത്തി നാട്ടില്‍ സ്ഥിരതാമസമാക്കിയവര്‍ക്ക് അപേക്ഷിക്കാം. വായ്പയ്‌ക്കൊപ്പം സംരംഭകത്വ പിന്തുണയും നോര്‍ക്ക റൂട്ട്‌സ് നല്‍കുന്നുണ്ട്.
സംസ്ഥാനത്തെ 16 ധനകാര്യ സ്ഥാപനങ്ങളുടെ ആറായിരത്തോളം ശാഖകള്‍ വഴി വായ്പ ലഭിക്കാന്‍ അവസരമൊരുക്കിയിട്ടുണ്ട്. അപേക്ഷ സമര്‍പ്പിക്കാന്‍ www.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പരിലും ബന്ധപ്പെടാം.

താല്‍പര്യപത്രം ക്ഷണിച്ചു

കേരഫെഡിന്റെ കരുനാഗപ്പള്ളി, നടുവണ്ണൂര്‍ പ്ലാന്റുകളില്‍ വര്‍ക്കര്‍ തസ്തികയിലേക്ക് തെരഞ്ഞെടുക്കുന്നതിന് പത്രപരസ്യത്തിന്റെ അടിസ്ഥാനത്തില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്കായി എഴുത്ത് പരീക്ഷ നടത്തി ഉദ്യോഗാര്‍ത്ഥികളുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കി നല്‍കുന്നതിന് ഈ മേഖലയില്‍ പ്രാവീണ്യമുള്ള സര്‍ക്കാര്‍ അംഗീകൃത നിയമന സ്ഥാപനങ്ങള്‍ ഏജന്‍സികളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ 30 വൈകുന്നേരം അഞ്ച് മണി. കൂടുതല്‍ വിവരങ്ങള്‍ക്കായി കേരാഫെഡ് ഹെഡ് ഓഫീസുമായി ബന്ധപ്പെടുക.

ഗതാഗത നിയന്ത്രണം

ഫറോക്ക്- മണ്ണൂര്‍ കടലുണ്ടി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികളുടെ ഭാഗമായി ഇന്ന് (ഡിസംബര്‍ 24) മുതല്‍ പ്രവൃത്തി അവസാനിക്കുന്നതു വരെ ഈ റോഡിലൂടെയുള്ള ഗതാഗതം ഭാഗികമായി നിയന്ത്രിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

നഴ്സ് നിയമനം

ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളില്‍ നിലവിലുളള നഴ്സ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. യോഗ്യത ജി.എന്‍.എം ഡിപ്ലോമ/ബിഎസ്‌സി നഴ്സിംഗ്. താല്‍പര്യമുളളവര്‍ 2022 ജനുവരി നാലിന് രാവിലെ 10.30ന് കൂടിക്കാഴ്ചക്കായി സിവില്‍ സ്റ്റേഷനില്‍ ബി ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍ യോഗ്യത തെളിയിക്കുന്നതിനുളള അസ്സല്‍ രേഖകളും പരിചയ സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പും സഹിതം ഹാജരാകണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ : 0495 2371748.

ഗ്ലൂക്കോമീറ്റര്‍ വിതരണം

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരും 60 വയസിനു മുകളില്‍ പ്രായമുള്ളവരുമായ പ്രമേഹബാധിതരായ വയോജനങ്ങള്‍ക്ക് ഗ്ലൂക്കോ മീറ്റര്‍ വിതരണം ചെയ്യുന്ന ”വയോമധുരം’ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 100 ഗ്ലൂക്കോമീറ്ററുകള്‍ വിതരണം ചെയ്യുന്നു. ബി.പി.എല്‍ കുടുംബത്തില്‍പ്പെട്ട പ്രമേഹരോഗബാധിതരായ വയോജനങ്ങള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ നിന്നോ വകുപ്പിന്റെ www.swd.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നോ ലഭ്യമാകും. അവസാന തീയതി 2022 ജനുവരി പത്ത്.

Leave a Reply

Your email address will not be published. Required fields are marked *