ബെംഗളൂരു മാണ്ഡ്യ ജില്ലയിലെ മേലുകോട്ടെയില്‍ കാണാതായ സ്വകാര്യ സ്‌കൂള്‍ അധ്യാപികയുടെ മൃതദേഹം കുഴിച്ചിട്ടനിലയില്‍ കണ്ടെത്തി. 28 വയസുകാരി ദീപിക വി ഗൗഡയാണ് മരിച്ചത്. ഭര്‍ത്താവിനും ഏഴുവയസ്സുള്ള മകനുമൊപ്പമായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ശനിയാഴ്ച രാവിലെ സ്‌കൂട്ടറില്‍ സ്‌കൂളിലേക്ക് പോയ ദീപിക സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. ഭര്‍ത്താവ് ലോകേഷ് ഉച്ചയ്ക്ക് ഒന്നരയോടെ ദീപികയെ ഫോണില്‍ വിളിക്കുകയും, സ്വിച്ച് ഓഫ് ആയി കാണപ്പെടുകയുമായിരുന്നു. തുടര്‍ന്ന് സ്‌കൂളില്‍ അന്വേഷിച്ചപ്പോള്‍ ഉച്ചക്ക് 12 നു തന്നെ ദീപിക സ്‌കൂളില്‍ നിന്ന് മടങ്ങിയെന്നാണ് അറിയാന്‍ കഴിഞ്ഞത്. അന്വേഷിച്ചിട്ടും കണ്ടെത്താത്തതിനെത്തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഇതിനിടെയാണ് ദീപികയുടെ സ്‌കൂട്ടര്‍ മേല്‌ക്കോട്ടെ കുന്നിനടുത്ത് യോഗ നരസിംഹക്ഷേത്രത്തിന് സമീപം കണ്ടെത്തുന്നത്. തുടര്‍ന്ന് പ്രദേശത്ത് തെരച്ചില്‍ നടത്തുന്നതിനിടെ സംശയം തോന്നിയ സ്ഥലത്തെ മണ്ണ് മാറ്റിയപ്പോളാണ് മൃതദേഹം കണ്ടെത്തിയത്. അടുത്ത് തന്നെ താമസിക്കുന്ന നിതീഷ് എന്നയാള്‍ ദീപികയെ അവസാനം വിളിച്ചുവെന്നും ഇയാളാണ് കുറ്റകൃത്യം നടത്തിയെന്നുമാണ് ദീപികയുടെ കുടുംബാംഗങ്ങള്‍ ആരോപിക്കുന്നത്. മൃതദേഹം കണ്ടെത്തിയതുമുതല്‍ നിതീഷ് ഒളിവിലാണ്. സംഭവത്തില്‍ പ്രതേക സംഘങ്ങള്‍ രൂപീകരിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.