മലപ്പുറം: കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം കടുക്കുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ‘നിയുക്ത മുഖ്യമന്ത്രി’ എന്ന് വിശേഷിപ്പിച്ച് മലപ്പുറം കാലടി പഞ്ചായത്തിലെ പാറപ്പുറത്താണ് പുതിയ ഫ്ലെക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം ബേപ്പൂരിൽ പി.വി. അൻവറിനായി സമാനമായ ബോർഡ് ഉയർന്നതിന് പിന്നാലെയാണിത്.
മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ടുള്ള പോരാട്ടത്തിൽ പരമ്പരാഗത രീതികൾ വിട്ട് അത്യാധുനിക പ്രചാരണ തന്ത്രങ്ങളാണ് നേതാക്കൾ പയറ്റുന്നത്. ‘ജനനായകൻ’ വീഡിയോയ്ക്ക് പിന്നാലെ ‘കേരള യാത്ര’ എന്ന പേരിൽ രമേശ് ചെന്നിത്തല പുതിയ പോഡ്കാസ്റ്റ് പരമ്പര ആരംഭിച്ചു. കേരള വികസനത്തെക്കുറിച്ചുള്ള ചർച്ചകളാണ് ഇതിലൂടെ മുന്നോട്ടുവെക്കുന്നത്. കെ.സി വേണുഗോപാലിന്റെ ജീവിതം പ്രമേയമാക്കി ദേശീയ അവാർഡ് ജേതാവ് വിനോദ് മങ്കര സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററി ഷൂട്ടിംഗ് ആലപ്പുഴയിൽ അവസാനഘട്ടത്തിലാണ്.
ഇതിനുപുറമെ, ലോകപുസ്തക ദിനത്തിൽ അദ്ദേഹത്തിന്റെ തിരഞ്ഞെടുത്ത പ്രസംഗങ്ങൾ ‘നേരിനൊപ്പം പോരാട്ടങ്ങൾ, നിലപാടുകൾ’ എന്ന പേരിൽ പുറത്തിറക്കിയിരുന്നു. ക്രിസ്ത്യൻ വിശ്വാസികളുടെ പരിപാടികളിലെ പ്രധാന പ്രസംഗങ്ങൾ ചേർത്തുള്ള വി.ഡി. സതീശന്റെ ‘ആദം നീ എവിടെയാകുന്നു’ എന്ന പുസ്തകം ഉടൻ പുറത്തിറങ്ങും. തെരഞ്ഞെടുപ്പ് ഫലം വരുന്നത് മുൻപേ നേതാക്കൾ തമ്മിൽ നടത്തുന്ന ഈ കസേരപ്പോര് അനാവശ്യമാണെന്ന അഭിപ്രായം കോൺഗ്രസിനുള്ളിലെ ഒരു വിഭാഗം നേതാക്കൾക്കിടയിലുണ്ട്. “ഇതൊക്കെ പെട്ടി പൊട്ടിച്ച ശേഷം പോരെ” എന്നാണ് ഇക്കൂട്ടർ ഉയർത്തുന്ന ചോദ്യം. വരും ദിവസങ്ങളിൽ ഗ്രൂപ്പ് പോര് കൂടുതൽ ശക്തമാകാനാണ് സാധ്യത.
