തിരുവനന്തപുരം: പോലീസിനെതിരെ ‘പോടാ പുല്ലേ’ എന്ന് മുദ്രാവാക്യം വിളിച്ചതിൽ തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി മുൻ ഡിജിപി ആർ ശ്രീലേഖ. സർവീസിലിരുന്ന കാലത്തും തെറ്റ് ചെയ്യുന്ന ഉദ്യോഗസ്ഥരെ മുഖത്ത് നോക്കി ഇത്തരത്തിൽ വിളിച്ചിട്ടുണ്ടെന്ന് അവർ വ്യക്തമാക്കി. വട്ടിയൂർക്കാവ് പോലീസിനെതിരായ ബിജെപിയുടെ പ്രതിഷേധത്തിനിടെയായിരുന്നു ശ്രീലേഖയുടെ വിവാദ മുദ്രാവാക്യം.
ഗുരുതരമായ വീഴ്ച വരുത്തുന്നവരെയും അഴിമതിക്കാരെയും സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യാനും ഡിസ്മിസ് ചെയ്യാനും മടിച്ചിട്ടില്ല. അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട പോലീസുകാർ പോലുമുണ്ട്. അന്നൊന്നും ഒരു പോലീസ് അസോസിയേഷനും തനിക്കെതിരെ രംഗത്തെത്തിയിരുന്നില്ല. വിരമിച്ച ശേഷം, തെറ്റ് ചെയ്യുന്ന ഒരു ഉദ്യോഗസ്ഥനെ ‘പോടാ’ എന്ന് വിളിച്ചതിൽ ഇപ്പോൾ എന്തിനാണ് ഇത്ര വേവലാതിയെന്ന് അവർ ചോദിച്ചു. പ്രതിഷേധത്തിന് പിന്നാലെ വട്ടിയൂർക്കാവ് എസ്എച്ച്ഒയോട് അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശിച്ചത് നല്ല കാര്യമാണെന്നും ഇതിന് ഡിജിപിയോടും സിറ്റി പോലീസ് കമ്മീഷണറോടും നന്ദിയുണ്ടെന്നും ആർ ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചു.
പി.കെ. ശ്രീമതി ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും പോലീസ് ഓഫീസേഴ്‌സ് അസോസിയേഷനും ശ്രീലേഖയുടെ നടപടിക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചിരുന്നു. യൂണിഫോമിട്ട സേനാംഗങ്ങളെ പരസ്യമായി അധിക്ഷേപിച്ചത് ശരിയായില്ലെന്നായിരുന്നു ഇവരുടെ നിലപാട്. ഇതിനാണ് ശ്രീലേഖ മറുപടി നൽകിയത്.
അതേസമയം, ശ്രീലേഖയും സെൻകുമാറും ബിജെപി പ്രതിഷേധത്തിനിടെ പോടാ പുല്ലേ പോലീസേ എന്ന് വിളിച്ചത് മുൻകാല പ്രാബല്യത്തോടെയാണോ എന്ന് വ്യക്തമാക്കണം മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
ഞാൻ പോലീസ് സേനയിൽ ഇരുന്നപ്പോഴും തെറ്റുകൾ ചെയ്തുകൂട്ടുന്ന പോലീസ് ഉദ്യോഗസ്ഥരെ “പോടാ, പുല്ലേ” എന്ന് പലപ്പോഴും മുഖത്ത് നോക്കി വിളിച്ചിട്ടുണ്ട്.
ഗുരുതര തെറ്റുകൾ, അഴിമതി എന്നിവ ചെയ്യുന്ന പല പോലീസുകാരെയും സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്, ചിലരെ ഡിസ്മിസ്സ് ചെയ്തിട്ടുണ്ട്, പലർക്കും എതിരെ കേസുകൾ എടുത്തിട്ടുണ്ട്, പല പോലീസുകാരും അഴിമതി കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്..
അന്നൊന്നും ആരും, ഒരു രാഷ്ട്രീയ / പോലീസ് അസോസിയേഷൻ നേതാവും എനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. എന്നിട്ടാണോ വിരമിച്ച ശേഷം ഇങ്ങനെ തെറ്റുകൾ ചെയ്തു കൂട്ടുന്ന ഒരുത്തനെ ‘പോടാ’ എന്ന് വിളിച്ചതിൽ ഇവരൊക്കെ തെറ്റ് കാണുന്നത്?
😂😂😂
എന്തായാലും ചെയ്ത അപരാധത്തിന് വട്ടിയൂർക്കാവ് SHO യോട് അവധിയിൽ പ്രവേശിക്കാനെങ്കിലും നിർദ്ദേശിച്ചല്ലോ? നല്ല കാര്യം!
DGP ക്ക്, പോലീസ് കമ്മിഷണർക്ക് നന്ദി!
