അതിജീവിത സർക്കാരിനെതിരെ ഹർജി നൽകിയതിനെ വിമർശിച്ച എൽ‌ഡിഎഫ് കൺവീനർ ഇപി ജയരാജന്റെ പ്രസ്താവനയ്ക്കെതിരെ വിടി ബൽറാം.ഇ പി ജയരാജന്റെ പ്രസ്താവന ആ സ്ത്രീയെ ഡിസ്ക്രെഡിറ്റ് ചെയ്യുന്നതും അവർക്ക് കോടതി വഴി ലഭിക്കേണ്ട നീതിയെ തടസ്സപ്പെടുത്തുന്നതുമാണെന്ന് മുൻ എംഎൽഎ വി.ടി.ബൽറാം പറഞ്ഞു.സർക്കാരിനെതിരെ അതിജീവിത നൽകിയ ഹര്‍ജിക്കു പിന്നില്‍ പ്രത്യേക താൽപര്യമുണ്ടോ എന്നു പരിശോധിക്കണമെന്നായിരുന്നു ഇപി ജയരാജൻ പരാമർശം. നിയമവിരുദ്ധമായ ഒരു ഇടപെടലും കേസില്‍ സര്‍ക്കാര്‍ നടത്തിയിട്ടില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞിരുന്നു.

ബൽറാമിന്റെ ഫെയ്സ്ബുക് പോസ്റ്റ്:

അതിജീവിതയായ വനിതയെ അധിക്ഷേപിക്കുന്നതാണ് എൽഡിഎഫ് കൺവീനറുടെ ഈ വാക്കുകൾ. തനിക്ക് നീതി നൽകുന്നതിന് പകരം പ്രതികൾക്കനുകൂലമായി ഇവിടത്തെ സർക്കാർ സംവിധാനങ്ങളും കീഴ്ക്കോടതികളും ഒത്തുകളിക്കുന്നു എന്ന ഗുരുതരമായ ആശങ്കയുടെ അടിസ്ഥാനത്തിലാണ് അതിജീവിത നേരിട്ട് പരാതിയുമായി മേൽക്കോടതിയെ സമീപിച്ചിരിക്കുന്നത്.

അതിന്റെ ‘പിന്നിൽ പ്രത്യേക താൽപര്യമുണ്ടെ’ന്ന് ഉന്നത സിപിഎം നേതാവ് തന്നെ ആരോപിക്കുമ്പോൾ അത് ആ സ്ത്രീയെ ഡിസ്ക്രെഡിറ്റ് ചെയ്യുന്നതും അവർക്ക് കോടതി വഴി ലഭിക്കേണ്ട നീതിയെ തടസ്സപ്പെടുത്തുന്നതുമാണ്.

അതിക്രൂരമായ ഒരു ക്രൈമിന്റെ ഇരയായ തനിക്ക് ഈ നാട്ടിലെ നിയമസംവിധാനത്തിലൂടെത്തന്നെ നീതി ലഭിക്കണമെന്ന ഏക താൽപര്യമല്ലാതെ മറ്റെന്ത് പ്രത്യേക താൽപര്യമാണ് ഇക്കാര്യത്തിൽ ആ വനിതയ്ക്ക് ഉണ്ടാവാൻ സാധ്യതയുള്ളത്? കേരളത്തിലെ സർക്കാർ തനിക്കൊപ്പമില്ലെന്ന് അതിജീവിതയായ സ്ത്രീ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ തിരിച്ചറിയുന്നു, അതവർ കൃത്യമായി കോടതി മുൻപാകെ തുറന്നുപറയുന്നു.

ഇനി ചോദ്യം ‘അവൾക്കൊപ്പം, അവൾക്കൊപ്പം എന്ന് നാഴികയ്ക്കു നാൽപ്പത് വട്ടം സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നവരോടാണ്. നിങ്ങൾ ഇപ്പോൾ ആർക്കൊപ്പമാണ് ? അതിജീവിതയായ വനിതയ്ക്കൊപ്പം തന്നെയാണോ അതോ അവർക്ക് വിശ്വാസം നഷ്ടപ്പെട്ട സർക്കാരിനൊപ്പമോ?

Leave a Reply

Your email address will not be published. Required fields are marked *