കാൻ ചലച്ചിത്രോത്സവത്തിൽ അഭിമാനമായി മലയാളികളുടെ പ്രിയതാരം കനി കുസൃതി. പലസ്തീന്‍ ജനതയ്ക്ക് ഐക്യദാർഢ്യവുമായെത്തിയ കനിയുടെ ഫോട്ടോകൾ ആ​ഗോളതലത്തിൽ തന്നെ വലിയ ചർച്ചയായി മാറിയിരിക്കുകയാണ് ഇപ്പോൾ. പാതിമുറിച്ച തണ്ണിമത്തന്‍റെ രൂപത്തിലുള്ള വാനിറ്റി ബാഗുമായാണ് കനി ഫെസ്റ്റിന് എത്തിയത്. ഗാസയിൽ ഇസ്രായേൽ വംശഹത്യ തുടരുന്ന സാഹചര്യത്തിൽ പലസ്തീൻ ജനതയ്‌ക്കൊപ്പം നിൽക്കുന്നുവെന്നതിന്റെ ശക്തമായ ചിഹ്നമാണ് തണ്ണിമത്തൻ. കനി തണ്ണിമത്തൻ ബാഗും പിടിച്ച് നില്‍ക്കുന്ന ചിത്രം വിവിധ സോഷ്യൽ മീഡിയ പേജുകളിൽ നിറയുകയാണ്. ഒപ്പം ഒട്ടനവധി പേർ കനിയെ പ്രശംസിച്ച് കൊണ്ട് രം​ഗത്ത് എത്തുന്നുമുണ്ട്. നിരവധി ഫാൻ പേജുകളിലും അഭിമാനകരമായി കനിയുടെ ഫോട്ടോകളും വീഡിയോകളും പ്രത്യക്ഷപ്പെടുന്നുമുണ്ട്. കനി കുസൃതി പ്രധാന കഥാപാത്രമായെത്തുന്ന ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’ എന്ന സിനിമയുടെ പ്രദർശനത്തിന്‍റെ ഭാഗമായാണ് താരം കാനിലെത്തുന്നത്. മുപ്പത് വർഷങ്ങൾക്കു ശേഷം കാൻ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ പാമിന് (പാം ദോർ) മത്സരിക്കുന്ന ഇന്ത്യൻ ചിത്രം കൂടി ആയിരുന്നു ഇത്. കനി കുസൃതിയ്ക്ക് ഒപ്പം ദിവ്യ പ്രഭ, ഹ്രിദ്ദു ഹാറൂണ്‍ എന്നിവരും റെഡ് കാർപ്പെറ്റിൽ തിളങ്ങിയിരുന്നു.തണ്ണിമത്തന്റെ നിറങ്ങളായ ചുവച്ച്, പച്ച, വെളുപ്പ്, കറുപ്പ് എന്നിവയാണ് പാലസ്തീൻ പതകയിൽ ഉള്ള നിറങ്ങളും. കൂടാതെ പാലസ്തീന്റെ സംസ്കാരത്തെയും വ്യക്തിത്വത്തെയും തണ്ണിമത്തൻ പ്രതീകപ്പെടുത്തുന്നുണ്ട്. അറബ്-ഇസ്രായേല്‍ യുദ്ധത്തിന് ശേഷം 1967 മുതല്‍ ഇസ്രായേലിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ പലസ്തീന്‍ പതാകയ്ക്ക് നിരോധനമേര്‍പ്പെടുത്തി. പതാകയോ അതിലെ നിറങ്ങള്‍ക്ക് സമാനമായോ വസ്തുക്കളോ പ്രദര്‍ശിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്നായിരുന്നു ഉത്തരവ്. 25 വര്‍ഷം നിലനിന്ന ആ ഉത്തരവ് 1993 ലാണ് പിന്‍വലിച്ചത്. എന്നാല്‍ പോയവര്‍ഷം വീണ്ടും പൊതുവിടങ്ങളില്‍ പലസ്തീന്‍ പതാകകള്‍ക്ക് നിരോധനമേര്‍പ്പെടുത്തികൊണ്ട് ഇസ്രായേല്‍ ഭരണകൂടം ഉത്തരവ് പ്രഖ്യാപിച്ചു.1980 കളില്‍ തന്റെ ആര്‍ട്ട് ഗാലറിയില്‍ സെന്‍സര്‍ഷിപ്പിനെത്തിയ ഇസ്രായേല്‍ പട്ടാളക്കാരാണ് തണ്ണിമത്തന്‍ പ്രതിരോധ അടയാളമായി മാറ്റിയതെന്നാണ് പലസ്തീന്‍ ചിത്രകാരനായ സ്ലിമന്‍ മന്‍സൂര്‍ ഒരിക്കൽ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *